‘ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് 2024 ‘ അനുസരിച്ച് ഇന്ത്യയിൽ തൊഴിൽ ചെയ്യാൻ ഏറ്റവും ഇഷ്ടപെടുന്ന സംസ്ഥാനങ്ങളിൽ കേരളം ഒന്നാം സ്ഥാനത്തെത്തി.വനിതകൾ തൊഴിൽ തേടുന്ന നഗരങ്ങളിൽ ഏറ്റവും മികച്ചതായി കൊച്ചി ഉയർന്നു. മഹാരാഷ്ട്രയെയും ആന്ധ്രാപ്രദേശിനെയും പിന്തള്ളിയാണ് കേരളം ഈ വിഭാഗത്തിൽ മുന്നിലെത്തിയത്. സംസ്ഥാനത്തിന്റെ ആകർഷകമായ ഭൂപ്രകൃതിയും ഊർജ്ജസ്വലമായ സാംസ്കാരിക അന്തരീക്ഷവുമാണ് തൊഴിൽ അന്വേഷകർക്ക് കേരളത്തെ ആകർഷകമാക്കിയതെന്ന് റിപ്പോർട്ട് പറയുന്നു. സാമ്പത്തിക അവസരങ്ങൾക്കൊപ്പം, കരിയർ വളർച്ചയ്ക്കും ആകർഷകമായ ലക്ഷ്യസ്ഥാനമായി കേരളം മുന്നിൽ നിൽക്കുന്നു
തൊഴിലന്വേഷകരുടെ പ്രധാന സ്ഥലമായി കൊച്ചി മാറിയപ്പോൾ, തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ തിരുവനന്തപുരം മൂന്നാം സ്ഥാനത്തെത്തി. തൊഴിൽ വൈദഗ്ധ്യം ഉള്ള പുരുഷൻമാരുടെ കാര്യത്തിൽ, കൊച്ചിയും തിരുവനന്തപുരവും രാജ്യവ്യാപകമായി നഗരങ്ങളിൽ യഥാക്രമം മൂന്നും അഞ്ചും സ്ഥാനങ്ങൾ നേടി. തൊഴിലന്വേഷകരായ പുരുഷന്മാരെയും സ്ത്രീകളെയും ഒരുമിച്ച് പരിഗണിക്കുമ്പോൾ കൊച്ചിയും തിരുവനന്തപുരവും യഥാക്രമം രണ്ടും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
18-21 വയസ് പ്രായമുള്ള തൊഴിൽ വൈദഗ്ധ്യം ഉള്ളവരുടെ വിഭാഗത്തിൽ തെലങ്കാനയ്ക്ക് പിന്നിൽ കേരളം രണ്ടാം സ്ഥാനം നേടി. ഈ പ്രായ വിഭാഗത്തിൽ നഗരങ്ങളിൽ തിരുവനന്തപുരം മൂന്നാം സ്ഥാനത്താണ്, പൂനെയും ബംഗളൂരുവും മുന്നിലാണ്. കംപ്യൂട്ടർ വൈദഗ്ധ്യമുള്ള പ്രതിഭകളുടെ ലഭ്യതയിൽ തിരുവനന്തപുരം നഗരങ്ങളിൽ മുന്നിലെത്തിയപ്പോൾ ഈ വിഭാഗത്തിൽ സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്താണ്.കൂടാതെ രണ്ടാം ഭാഷയായി ഇംഗ്ലീഷ് അറിയുന്നവരുടെ കാര്യത്തിൽ കേരളം മൂന്നാം സ്ഥാനം നേടി.
വൈവിധ്യമാർന്നതും മികച്ചതുമായ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് വിവിധ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന്റെ സ്ഥിരതയുള്ള സാന്നിധ്യം റിപ്പോർട്ട് എടുത്തുകാട്ടി. രാജ്യത്തൊട്ടാകെയുള്ള അക്കാദമിക് സ്ഥാപനങ്ങളിൽ വീബോക്സ് നാഷണൽ എംപ്ലോയബിലിറ്റി ടെസ്റ്റ് (WNET) നടത്തിയ 3.88 ലക്ഷം ഉദ്യോഗാർത്ഥികളുടെ മൂല്യനിർണ്ണയത്തിൽ നിന്നാണ് ഈ കണ്ടെത്തലുകൾ. കൂടാതെ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധേയമായ സംരംഭമായി കേരളത്തിന്റെ അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിനെ (അസാപ്) റിപ്പോർട്ട് പ്രത്യേകം അംഗീകരിച്ചു.