റോയൽ എൻഫീൽഡിന്റെ മാതൃ കമ്പനിയായ ഐഷർ മോട്ടോഴ്‌സ് 2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഏകീകൃത അറ്റാദായത്തിൽ 62% വളർച്ച നേടി 741 കോടി രൂപ ലാഭം ഉണ്ടാക്കി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 456 കോടി രൂപയായിരുന്നു.
റോയൽ എൻഫീൽഡിന്റെ മോട്ടോർസൈക്കിൾ വില്പന 31.15 ശതമാനം വർധിച്ച് 219,898 യൂണിറ്റിലെത്തി. ഐഷർ മോട്ടോഴ്‌സിന്റെയും സ്വീഡനിലെ എബി വോൾവോയുടെയും സംയുക്ത സംരംഭമായ വിഇ കൊമേഴ്‌സ്യൽ വെഹിക്കിൾസ് (വിഇസിവി) മൂന്നാം പാദത്തിലെ എക്കാലത്തെയും ഉയർന്ന വിൽപ്പന രേഖപ്പെടുത്തി, 18,162 യൂണിറ്റുകൾ, മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ വിറ്റ 16,044 യൂണിറ്റുകളെ അപേക്ഷിച്ച് 13.2% വർധന.
” കമ്പനിയുടെ പുതിയ മോട്ടോർസൈക്കിളുകളായ ഹണ്ടർ 350, അടുത്തിടെ പുറത്തിറക്കിയ സൂപ്പർ മെറ്റിയർ 650 എന്നിവ വളരെ വിജയിക്കുകയും ലോകമെമ്പാടുമുള്ള വിദഗ്ധരിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും അതിശയകരമായ പ്രതികരണം നേടുകയും ചെയ്തതായി ഐഷർ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടർ സിദ്ധാർത്ഥ ലാൽ പറഞ്ഞു.