വിജയകരമായ ചന്ദ്രയാൻ-3 ദൗത്യത്തിന് ശേഷം കൂടുതൽ ഗ്രഹാന്തര ദൗത്യങ്ങൾ നടത്താനുള്ള ഇന്ത്യയുടെ കഴിവിൽ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി ബഹിരാകാശ പര്യവേക്ഷണത്തിൻ്റെ വിപുലീകരണത്തിലൂടെ രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നൽകുകയാണ് ഐഎസ്ആർഒയുടെ ലക്ഷ്യമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
“ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ ശുക്രനിലേക്കോ യാത്ര ചെയ്യാൻ നമ്മൾക്ക് കഴിവുണ്ട്… എന്നാൽ, അതിനായി നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കേണ്ടതുണ്ട്… അതിനുപുറമെ കൂടുതൽ നിക്ഷേപവും ഉണ്ടായിരിക്കണം,” അദ്ദേഹം പറഞ്ഞു.
രാഷ്ട്രത്തിന്റെ പുരോഗതിയിൽ ഐഎസ്ആർഒയുടെ പങ്ക് ഊന്നിപ്പറയുകയും വിക്ഷേപണത്തിനുള്ള ആദിത്യ-എൽ1-ൻ്റെ തയ്യാറെടുപ്പിനെക്കുറിച്ച് അദ്ദേഹം പരാമർശിക്കുകയും ചെയ്തു.
ആദിത്യ-എൽ1 ന്റെ വിക്ഷേപണം സെപ്റ്റംബർ ആദ്യം ഉണ്ടാകുമെന്ന് ചെയർമാൻ പ്രതീക്ഷ പ്രകടിപ്പിച്ചു, കൃത്യമായ തീയതി ഉടൻ പ്രഖ്യാപിക്കും. വിക്ഷേപണത്തിന് ശേഷം പേടകം ലാഗ്രാഞ്ച് പോയിന്റ് 1-ൽ (L1) എത്താൻ 125 ദിവസമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചന്ദ്രയാൻ -3 ന്റെ വിജയകരമായ ചന്ദ്ര ലാൻഡിംഗ് ഇന്ത്യയയെ സംബന്ധിച്ച് ഒരു ചരിത്ര നേട്ടമാണ്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. പ്രധാനമന്ത്രി മോദി ലാൻഡിംഗ് സൈറ്റിന് “ശിവശക്തി പോയിന്റ്” എന്ന് നാമകരണം ചെയ്യുകയും 2019 ചന്ദ്രയാൻ -2 ലാൻഡർ ക്രാഷ് സൈറ്റിനെ “തിരംഗ പോയിന്റ്” എന്ന് നാമകരണം ചെയ്യുകയും ചെയ്തു. കൂടാതെ, ഈ നേട്ടത്തിന്റെ സ്മരണയ്ക്കായി ഓഗസ്റ്റ് 23 “ദേശീയ ബഹിരാകാശ ദിനം” ആയി പ്രഖ്യാപിക്കുകയും ചെയ്തു.