ലീഗ്സ് കപ്പ് ഫൈനലിൽ നാഷ്വില്ലെ എഫ്സിക്കെതിരെ തകർപ്പൻ വിജയം നേടികൊണ്ട് ലയണൽ മെസ്സി ഇന്റർ മിയാമിയെ അവരുടെ ആദ്യത്തെ ക്ലബ് ട്രോഫിയിലേക്ക് നയിച്ചു.
23-ാം മിനിറ്റിൽ ടെന്നസിയിലെ ജിയോഡിസ് പാർക്കിൽ ഇന്റർ മിയാമിയുടെ ക്യാപ്റ്റൻ മെസ്സിയുടെ ഇടത് കാൽ സ്ട്രൈക്ക് ശക്തമായ പ്രതിരോധ മതിൽ കടന്ന് വലയിലെത്തിയതോടെ
ഇന്റർ മിയാമി 1-0 ലീഡ് നേടി.
രണ്ടാം പകുതിയിൽ 57-ാം മിനിറ്റിൽ ഒരു കോർണർ കിക്കിൽ നിന്നുള്ള ഫാഫ പിക്കോൾട്ടിന്റെ ഹെഡ്ഡർ
ഇന്റർ മിയാമിയുടെ ബെഞ്ചമിൻ ക്രെമാഷി, ഡ്രേക്ക് കാലെൻഡർ എന്നിവരെ കടന്ന് വലയിലായതോടെ സ്കോർ സമനിലയിലാക്കാൻ നാഷ്വില്ലെയ്ക്ക് കഴിഞ്ഞു.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരം ഒടുവിൽ 1-1 സമനിലയിൽ എത്തി, അത് നാടകീയമായ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നയിച്ചു. മെസ്സി, സെർജിയോ ബുസ്ക്വെറ്റ്സ്, ജോർഡി ആൽബ എന്നിവർ ഇന്റർ മിയാമിക്ക് വേണ്ടി പെനാൽറ്റി ഗോളാക്കി മാറ്റി. കളി സഡൻ ഡെത്തിലേക്ക് നീണ്ടു. തുടർന്ന് നാഷ്വില്ലെ ഗോൾകീപ്പർ എലിയറ്റ് പാനിക്കോയുടെ കിക്ക് കാലെൻഡർ രക്ഷപ്പെടുത്തിയതോടെ, ഇന്റർ മിയാമി ആവേശകരമായ വിജയം 10-9 ന് ഉറപ്പിച്ചു.
എംഎൽഎസിൽ റാങ്കിംഗിൽ പിന്നില്ലാണെങ്കിലും, 2022 ലോകകപ്പ് ജേതാവായ മെസ്സി ജൂണിൽ വന്നതിന് ശേഷം ഇന്റർ മിയാമി ശ്രദ്ധേയമായ ഒരു മുന്നേറ്റം നടത്തി. തോൽവിയറിയാതെ അവർ തുടർന്നു, ശനിയാഴ്ച നടന്ന ട്രോഫി നേടിയ മത്സരം ഉൾപ്പെടെ തുടർച്ചയായ ഏഴ് വിജയങ്ങൾ ക്ലബ് നേടി . ഈ ചരിത്ര വിജയത്തിലേക്കുള്ള അവരുടെ യാത്രയിൽ, ഇന്റർ മിയാമി അവരുടെ ഏഴ് ടൂർണമെന്റ് മത്സരങ്ങളിൽ നാലെണ്ണവും ഗണ്യമായ മാർജിനിൽ വിജയിച്ചു.
ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ ലയണൽ മെസ്സി ടീമിൽ ചേർന്നതിന് ശേഷം ഏഴ് മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടി ടൂർണമെൻ്റിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ലീഗ്സ് കപ്പ് വിജയം അദ്ദേഹത്തിന്റെ കരിയറിലെ 44-ാമത്തെ ട്രോഫിയാണ്.
തുടക്കത്തിൽ എംഎൽഎസ് ഉം മെക്സിക്കോയുടെ ലിഗ എം എക്സും തമ്മിലുള്ള വാർഷിക ടൂർണമെൻ്റ് മാത്രമായിരുന്ന ലീഗ്സ് കപ്പ്, ഈ വർഷം രണ്ട് ലീഗുകളിലെയും എല്ലാ ടീമുകളെയും ഉൾപ്പെടുത്തി വിപുലീകരിച്ചു. ഇന്റർ മിയാമിയുടെ വിജയം 2024-ലെ കോൺകാകാഫ് ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16-ലേക്ക് നേരിട്ട് യോഗ്യത ഉറപ്പാക്കി, അതേസമയം റണ്ണേഴ്സ് അപ്പായ നാഷ്വില്ലെ അടുത്ത വർഷത്തെ ടൂർണമെന്റിൽ ആദ്യ റൗണ്ടിൽ തന്നെ ഇടം നേടി.