ശനിയാഴ്ച രാത്രി അമേരിക്കൻ ആകാശത്ത് വട്ടമിട്ടു പറന്ന ചൈനീസ് ചാര ബലൂൺ യുഎസ് വെടിവച്ചിട്ടു.
ഒരു മിസൈൽ വിക്ഷേപിച്ച്, അമേരിക്ക ഈ ചാര ബലൂൺ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് വിജയകരമായി താഴ്ത്തി. ഇതുകൂടാതെ ബലൂണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനും ശേഖരിക്കുന്നതിനുമായി ഒരു സംഘത്തെയും അയച്ചിട്ടുണ്ട്. ചൈനയുടെ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ ആശങ്ക രേഖപ്പെടുത്തി.
യുഎസിന്റെ നടപടി അതിര് കവിഞ്ഞ പ്രതികരണമാണെന്നും സാമാന്യ മര്യാദകളുടെ ലംഘനമാണെന്നും ചൈന ആരോപിച്ചു. “ഒരു ചൈനീസ് സിവിലിയൻ എയർഷിപ്പ് യുഎസ് വെടിവച്ചു വീഴ്ത്തിയതിൽ ചൈന അഗാധമായ അതൃപ്തിയും പ്രതിഷേധവും പ്രകടിപ്പിക്കുന്നു,” ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ആവശ്യമായ നടപടികൾ കൈക്കൊള്ളാനുള്ള അവകാശം നിലനിർത്തിക്കൊണ്ട് ബീജിംഗ് അതിന്റെ നിയമപരമായ അവകാശങ്ങളും താൽപ്പര്യങ്ങളും ശക്തമായി സംരക്ഷിക്കുമെന്നും ചൈന പറഞ്ഞു.