മധുരൈ: തമിഴ്‌നാട്ടിലെ മധുര ജില്ലയിൽ ആവണിയാപുരം ജല്ലിക്കെട്ടിൽ 61 പേർക്ക് പരിക്കേറ്റു. ആകെ പരിക്കേറ്റവരിൽ 11 പേരുടെ പരിക്ക് ഗുരുതരമാണ്. 250 കാളകളെ മെരുക്കുന്നവരും 737 കാളകളും ആണ് ജല്ലിക്കെട്ടിൽ പങ്കെടുത്തത്.
ഗുരുതരമായി പരിക്കേറ്റവരെ തുടർ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, പരിക്കേറ്റ മൊത്തം ആളുകളിൽ പകുതിയോളം പേരും കാളകളെ മെരുക്കുന്നവരായിരുന്നു. അതേസമയം, ബാക്കിയുള്ളവർ കാള ഉടമകളും കാഴ്ചക്കാരുമായിരുന്നു.
മത്സരത്തിൽ വിജയ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പരിപാടിയിൽ അദ്ദേഹം 28 കാളകളെ മെരുക്കി. ഏഴ് ലക്ഷം രൂപയുടെ കാറാണ് വിജയ് സമ്മാനമായി നേടിയത്. കഴിഞ്ഞ നാല് വർഷത്തിനിടെ മൂന്ന് തവണ വിജയ് വിജയിച്ചത് ശ്രദ്ധേയമാണ്. ആവണിയാപുരം ജല്ലിക്കെട്ട് ഞായറാഴ്ച രാവിലെ എട്ടിന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് സമാപിച്ചു.
ജനുവരി പകുതിയോടെ ആരംഭിക്കുന്ന പൊങ്കൽ വിളവെടുപ്പ് കാലത്ത് ജല്ലിക്കെട്ട് ഒരു ജനപ്രിയ കായിക വിനോദമാണ്. തമിഴ്‌നാട്ടിൽ നാല് ദിവസത്തെ വിളവെടുപ്പ് ആഘോഷത്തിന്റെ മൂന്നാം ദിവസമായ മാട്ടുപൊങ്കലിന്റെ ഭാഗമായാണ് ഇത് പരമ്പരാഗതമായി നടത്തുന്നത്.