നേപ്പാൾ വിമാനാപകടം: അപകടസ്ഥലത്ത് നിന്ന് 40 മൃതദേഹങ്ങൾ കണ്ടെടുത്തു;
ഞായറാഴ്ച നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഭ്യന്തര വിമാനം റൺവേയിൽ തകർന്ന് 40 പേർ മരിച്ചു. വിമാനത്താവളം താൽക്കാലികമായി അടച്ചു, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 72 സീറ്റുകളുള്ള യാത്രാ വിമാനത്തിൽ നിന്ന് ഇതുവരെ 40 മൃതദേഹങ്ങളെങ്കിലും കണ്ടെടുത്തതായി എയർപോർട്ട് അധികൃതർ അറിയിച്ചു.
പഴയ വിമാനത്താവളത്തിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിൽ തകർന്ന യെതി എയർലൈൻസ് വിമാനത്തിൽ ആകെ 68 യാത്രക്കാരും നാല് ജീവനക്കാരുമുണ്ടായിരുന്നുവെന്ന് യെതി എയർലൈൻസ് വക്താവ് പറഞ്ഞു.
യാത്രക്കാരിൽ ഇന്ത്യക്കാരടക്കം നിരവധി വിദേശികളും ഉണ്ടായിരുന്നു. എയർപോർട്ട് അധികൃതർ പറയുന്നതനുസരിച്ച്, ക്രൂ അംഗങ്ങൾ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 72 യാത്രക്കാരിൽ 53 പേർ നേപ്പാളി പൗരന്മാരും അഞ്ച് ഇന്ത്യക്കാരും നാല് റഷ്യൻ, രണ്ട് ദക്ഷിണ കൊറിയൻ, ഒരു ഐറിഷ്, അർജന്റീന, ഓസ്‌ട്രേലിയ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരാൾ വീതവുമാണ്.
പൊഖാറ വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാൾ സർക്കാർ നാളെ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. അതിനിടെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ അടിയന്തര കാബിനറ്റ് യോഗം വിളിച്ചതായി സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. അപകടകാരണങ്ങൾ അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ഹിമാലയൻ രാഷ്ട്രത്തിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് പുറപ്പെട്ടതായിരുന്നു ഇരട്ട എഞ്ചിനുകളുള്ള എടിആർ 72 വിമാനം.
പൊഖാറ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലുള്ള സേതി നദിയുടെ തീരത്താണ് വിമാനം തകർന്നുവീണത്.