
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നൽകിയ പത്മഭൂഷൻ പുരസ്കാരം സവിനയം സ്വീകരിക്കുന്നുവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. ഈ അംഗീകാരം ശ്രീനാരായണ ഗുരുദേവന്റെ പാദങ്ങളിൽ സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവാർഡുകൾക്കായി ശുപാർശകളുമായി പോകുന്നവരിൽ താനില്ലെന്നും, സാമൂഹിക സത്യങ്ങൾ തുറന്നുപറഞ്ഞതിനുള്ള അംഗീകാരമായിട്ടാണ് ഈ ബഹുമതിയെ കാണുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

സമുദായത്തിലെ സാധാരണക്കാർ നൽകിയ ശക്തിയും പിന്തുണയുമാണ് തന്റെ ദുഷ്കരമായ പ്രവർത്തനപാതയിൽ പ്രചോദനമായതെന്നും, ഈ അംഗീകാരത്തിന് സമുദായത്തോടാണ് കടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.