സൂര്യനോട് ഏറ്റവും അടുത്തുള്ളതും, സ രയുഥത്തിലെ ഏറ്റവും ചെറിയ ഗ്രഹവുമായ മെർക്കുറിക്ക് ചുറ്റും നിഗൂഢമായ “പാടുന്ന” പ്ലാസ്മ തരംഗങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തി. നേച്ചർ ആസ്ട്രോണമി ജേർണലിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തൽ, മെർക്കുറിക്ക് ചുറ്റുമുള്ള കാന്തിക പരിസ്ഥിതിയെക്കുറിച്ചും സൗര കാറ്റാൽ ഗ്രഹങ്ങളുടെ കാന്തിക മണ്ഡലങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്നതിനെ കുറിച്ചും പുതിയ അറിവ് നല്കിയേക്കാം .
കോറസ് തരംഗങ്ങൾ എന്നറിയപെടുന്ന ഇവ ഒരു ഗ്രഹത്തിന്റെ കാന്തിക മണ്ഡലത്തിൽ കുടുങ്ങിയ ഊർജ്ജസ്വലമായ ഇലക്ട്രോണുകളാണ് ഉണ്ടാക്കുന്നത്. അവ ഭൂമി, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്, എന്നാൽ മെർക്കുറിയിൽ ഇതാദ്യമായിട്ടാണ് കണ്ടെത്തിയത്.
മെർക്കുറിക്ക് വളരെ ദുർബലമായ കാന്തിക മണ്ഡലവും നേരിയ അന്തരീക്ഷവുമുണ്ട്.ഇത് കോറസ് തരംഗങ്ങൾ കണ്ടെത്താൻ സാധ്യതയില്ലാത്ത സ്ഥലമാക്കുന്നു. എന്നാൽ, മെർക്കുറിയുടെ കാന്തിക മണ്ഡലത്തിന്റെ ഡോൺ സെക്ടർ എന്നറിയപ്പെടുന്ന ഒരു ചെറിയ മേഖലയിലാണ് തരംഗങ്ങൾ ഉത്പാദിപ്പിക്കുന്നതെന്ന് ഗവേഷകർ വിശ്വസിക്കുന്നു.
മെർക്കുറിയെ പര്യവേക്ഷണം ചെയ്യുന്ന ബെപികൊളംബോ ബഹിരാകാശ പേടകത്തിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് കോറസ് തരംഗങ്ങൾ കണ്ടെത്തിയത്. തരംഗങ്ങൾ എങ്ങനെയാണ് ഉത്പാദിപ്പിക്കുന്നതെന്ന് മനസ്സിലാക്കാൻ അവർ മോഡലിംഗും സിമുലേഷനും നടത്തി.
മെർക്കുറിയിലെ കോറസ് തരംഗങ്ങളെ കൂടുതൽ മികച്ച രീതിയിൽ മനസ്സിലാക്കാൻ കൂടുതൽ നിരീക്ഷണങ്ങളും വിശകലനവും ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു. എന്നിരുന്നാലും, ദുർബലമായ കാന്തിക മണ്ഡലങ്ങളും നേരിയ അന്തരീക്ഷവുമുള്ള ഗ്രഹങ്ങൾക്കും കോറസ് തരംഗങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് അവരുടെ കണ്ടെത്തൽ സൂചിപ്പിക്കുന്നു.
മെർക്കുറിയിൽ കോറസ് തരംഗങ്ങൾ കണ്ടെത്തിയത് എക്സോപ്ലാനറ്റുകളെക്കുറിച്ചുള്ള നമ്മുടെ അറിവിനെ സ്വാധീനിക്കും. എക്സോപ്ലാനറ്റുകൾ മറ്റ് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളാണ്. ചില എക്സോപ്ലാനറ്റുകളിൽ കാന്തിക മണ്ഡലങ്ങൾ ഉണ്ടെന്ന് അറിയപ്പെടുന്നു, മെർക്കുറിയിൽ കോറസ് തരംഗങ്ങൾ കണ്ടെത്തിയതിനാൽ അവ ഈ ഗ്രഹങ്ങളിലും ഉത്പാദിപ്പിക്കപ്പെടാൻ സാധ്യത ഉള്ളതായി കരുതുന്നു
ഗവേഷകർ പറയുന്നതനുസരിച്ച്, അവരുടെ കണ്ടെത്തലുകൾ എക്സോപ്ലാനറ്റുകളുടെ കാന്തിക പരിസ്ഥിതികൾ അവയുടെ നക്ഷത്രങ്ങളാൽ എങ്ങനെ രൂപപ്പെടുന്നുവെന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കും. ഈ അറിവ് ഭാവിയിൽ വാസയോഗ്യമായ എക്സോപ്ലാനറ്റുകളെ കണ്ടെത്താൻ സഹായിക്കും.