യാത്രക്കാർ കുറവുള്ള റൂട്ടുകളിൽ എസി ചെയർ കാർ, എക്‌സിക്യൂട്ടീവ് ക്ലാസുകൾ എന്നിവയ്ക്ക് റെയിൽവേ നിരക്ക് 25 ശതമാനം കുറയ്ക്കും. ഇതിനുള്ള അധികാരം സോണൽ റെയിൽവേയ്ക്ക് നല്കുമെന്ന് റെയിൽവേ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
“ട്രെയിനുകളിലെ യാത്രാ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി, നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി, എസി സിറ്റിംഗ് സൗകര്യമുള്ള ട്രെയിനുകളിൽ നിരക്കുകളിൽ ഇളവ് നല്കാനുള്ള അധികാരം സോണൽ റെയിൽവേയ്ക്ക് ഏൽപ്പിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു,” സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു.
എസി ചെയർകാറിന്റെയും അനുഭൂതി, വിസ്റ്റാഡോം കോച്ചുകളുൾപ്പെടെ എസി സിറ്റിംഗ് സൗകര്യങ്ങളുള്ള എല്ലാ ട്രെയിനുകളുടെയും എക്‌സിക്യൂട്ടീവ് ക്ലാസുകളുടെ നിരക്കുകൾ 25 ശതമാനം വരെ കുറയ്ക്കുമെന്ന് റെയിൽവേ പറഞ്ഞു.
അടിസ്ഥാന നിരക്കിൽ പരമാവധി 25 ശതമാനം വരെയാണ് ഇളവുണ്ടാവുക റിസർവേഷൻ ചാർജ്, സൂപ്പർ ഫാസ്റ്റ് സർചാർജ്, ജിഎസ്ടി മുതലായവ ബാധകമായ മറ്റ് നിരക്കുകൾ പ്രത്യേകം ഈടാക്കും. ഇളവ് സീറ്റ് ഒഴിവുകളുടെ അടിസ്ഥാനത്തിൽ
എല്ലാ ക്ലാസുകൾക്കും നല്കാവുന്നതാണ് ,” അതിൽ പറയുന്നു.
കഴിഞ്ഞ 30 ദിവസങ്ങളിൽ 50 ശതമാനത്തിൽ താഴെ ഒക്യുപെൻസി ഉള്ള ഉള്ള ട്രെയിനുകൾ പരിഗണനയിൽ എടുക്കുമെന്നും ഉത്തരവിൽ പറയുന്നു. “
” നിരക്ക് ഇളവ് ഉടനടി പ്രാബല്യത്തിൽ വരും. എന്നിരുന്നാലും, ഇതിനകം ബുക്ക് ചെയ്ത യാത്രക്കാർക്ക് നിരക്ക് റീഫണ്ട് അനുവദിക്കില്ല,” അതിൽ പറയുന്നു.
അവധിക്കാല അല്ലെങ്കിൽ ഉത്സവ സ്പെഷ്യൽ ആയി അവതരിപ്പിക്കുന്ന പ്രത്യേക ട്രെയിനുകളിൽ ഈ സ്കീം ബാധകമല്ല.