രാജ്യത്തെ ഏറ്റവും നീളമേറിയ റെയിൽവേ തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (യുഎസ്‌ബിആർഎൽ) പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചതാണ് ഈ തുരങ്കം.
പ്രധാനമന്ത്രി മോദി ജമ്മുവിൽ സന്നിഹിതനായിരുന്നു, അദ്ദേഹം ഒരേസമയം രണ്ട് വൈദ്യുതീകരിച്ച ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു – ഒന്ന് ശ്രീനഗർ മുതൽ സംഗൽദാൻ വരെയും മറ്റൊന്ന് സങ്കൽദാനിൽ നിന്ന് ശ്രീനഗറിലേക്കും തിരിച്ചും” ഒരു റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ ചരിത്രപരമായ യാത്രയിൽ 100 കുട്ടികളും അവരുടെ അധ്യാപകരും പ്രത്യേക അതിഥികളായി പങ്കെടുത്തു.
12.77 കിലോമീറ്റർ നീളമുള്ള ഈ തുരങ്കം ‘T-50’ എന്നാണ് അറിയപ്പെടുന്നത്. ബനിഹാൽ-ഖരി-സുംബർ-സംഗൽദാൻ റൂട്ടിൽ സ്ഥിതിചെയ്യുന്ന 11 തുരങ്കങ്ങളിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് ഇതെന്നാണ് റിപ്പോർട്ട്. ഏകദേശം 14 വർഷത്തോളം എടുത്താണ് ഈ മഹത്തായ പദ്ധതി പൂർത്തിയാക്കിയത്.
“അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തുരങ്കത്തിനുള്ളിൽ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും യാത്രക്കാരെ ഒഴിപ്പിക്കാൻ T-50 ന് സമാന്തരമായി ഒരു എസ്‌കേപ്പ് ടണൽ നിർമ്മിച്ചിട്ടുണ്ട്,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
കശ്മീരിലെ റെയിൽ ഗതാഗത മേഖലയ്ക്ക് വലിയ മുന്നേറ്റമാണ് ഈ പദ്ധതി നൽകുന്നത്. ഇതോടൊപ്പം രാജ്യത്തെ ദക്ഷിണ ഭാഗവുമായി കൂടുതൽ സുഗമമായ ബന്ധം സ്ഥാപിക്കാനും സാധിക്കും.