രാജ്യത്ത് ഏകദേശം 718 ഹിമപുലികളുള്ള തായി സ്നോ ലെപ്പേർഡ് പോപ്പുലേഷൻ അസസ്മെന്റ് ഇൻ ഇന്ത്യ (SPAI) നടത്തിയ ആദ്യത്തെ കണക്കെടുപ്പ് വെളിപ്പെടുത്തി.
ഹിമപുലികളുടെ ആവാസവ്യവസ്ഥയുടെ 70%ത്തിലധികം ഭാഗം കണക്കെടുപ്പിൽ ഉൾപ്പെടുത്തി.
ദേശീയ വന്യജീവി ബോർഡ് യോഗത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് തിങ്കളാഴ്ച ഡൽഹിയിൽ റിപ്പോർട്ട് പ്രകാശനം ചെയ്തു.
ഹിമപുലികൾ ഉള്ള എല്ലാ സംസ്ഥാനങ്ങളുടെയും പിന്തുണയോടെ നടത്തിയ ഈ പരിപാടിയുടെ ദേശീയ കോഓർഡിനേറ്റർ വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആണ്. നേച്ചർ കൺസർവേഷൻ ഫൗണ്ടേഷൻ ഡബ്ലിയു ഡബ്ലിയു എഫ് -ഇന്ത്യ എന്നിവയും പങ്കാളികളായി.
ലഡാക്ക്, ജമ്മു കശ്മീർ എന്നീ കേന്ദ്രഭരണപ്രദേശങ്ങൾ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടെ 107,594 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള നിർണായക ഹിമപുലി ആവാസവ്യവസ്ഥ ഉൾക്കൊള്ളുന്ന ഈ പരിപാടി 2019 മുതൽ 2023 വരെ നടത്തി.
ഡാറ്റ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ, ലഡാക്കിൽ ഏറ്റവും കൂടുതൽ മഞ്ഞുപുലികളുണ്ട് (477), തുടർന്ന് ഉത്തരാഖണ്ഡ് (124), ഹിമാചൽ പ്രദേശ് (51), അരുണാചൽ പ്രദേശ് (36), സിക്കിം (21), ജമ്മു കശ്മീർ (9) എന്നിവയാണ്.
ഈ നിരീക്ഷണങ്ങൾ വെല്ലുവിളികൾ തിരിച്ചറിയാനും ഭീഷണികൾ നേരിടാനും ഫലപ്രദമായ സംരക്ഷണ തന്ത്രങ്ങൾ രൂപീകരിക്കാനും വിലപ്പെട്ട അറിവുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.