തിരുവനന്തപുരം: മുസ്ലിം സംഘടനകളിൽ നിന്ന് എതിർപ്പ് ഉയർന്നതോടെ സ്‌കൂള്‍ പാഠ്യപരിഷ്‌കരണ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറാൻ തയ്യാറാകുന്നു. സമയമാറ്റം നടപ്പാക്കില്ലെന്നും നിലവിലെ രീതി തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
മിക്സഡ് സ്‌കൂളുകളുടെ കാര്യത്തില്‍ സ്‌കൂളുകള്‍ക്ക് തന്നെ തീരുമാനമെടുക്കാമെന്നും മിക്സഡ് ബെഞ്ച് പരിഗണനയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസരംഗത്ത് പരിഷ്കാരങ്ങൾ ശുപാർശ ചെയ്ത
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ നടപടികള്‍ തീരുമാനിക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
നിയമസഭയിലെ ശ്രദ്ധക്ഷണിക്കൽ ചർച്ചയ്ക്കിടെ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ മുസ്ലീംലീഗ് ശബ്ദം ഉയർത്തിയിരുന്നു. സര്‍ക്കാര്‍ യുക്തി ചിന്ത പ്രോത്സാഹിപ്പിക്കുകയാണെന്ന് ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ സഭയില്‍ പറഞ്ഞു. ഇതിന് മറുപടിയായാണ് യൂണിഫോം എന്തുവേണമെന്ന് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്നും ജെന്‍ഡര്‍ യൂണിഫോം സർക്കാർ നിര്‍ദേശിക്കുന്നില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയത്. ലിംഗസമത്വത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് ഇല്ലെന്നും ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് മിക്സ്ഡ് സ്‌കൂളുകള്‍ കൂടുതലായി വന്നതെന്നും മന്ത്രി പറഞ്ഞു.