സൗദി അറേബ്യ തങ്ങളുടെ ആദ്യത്തെ ആഡംബര ട്രെയിൻ സർവീസ് 2025 അവസാനത്തോടെ ആരംഭിക്കാനൊരുങ്ങുന്നു. “മരുഭൂമിയുടെ സ്വപ്നങ്ങൾ” (Dream of the Desert) എന്നു പേരിട്ടിരിക്കുന്ന ഈ സർവീസ് രാജ്യത്തിന്റെ വിവിധ ഭൂപ്രകൃതികളും സാംസ്കാരിക കേന്ദ്രങ്ങളും സന്ദർശിക്കാൻ യാത്രക്കാർക്ക് അവസരമൊരുക്കും. 1,300 കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര റിയാദിൽ നിന്നും ആരംഭിച്ച് ജോർഡാനുമായുള്ള വടക്കൻ അതിർത്തിക്ക് സമീപമുള്ള അൽ ഖുറയ്യാത്തിൽ അവസാനിക്കും.
സൗദി റെയിൽവേയുടെ നേതൃത്വത്തിൽ ഇറ്റാലിയൻ ആർസെനേൽ ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 40 മുറിയുള്ള, പ്രൗഢഗംഭീരമായ രൂപകൽപ്പനയുള്ള ട്രെയിൻ ആണ് സർവീസിൽ ഉണ്ടാവുക. ആ മുറികളിൽ ഒരോന്നും തന്നെ യാത്രക്കാർക്ക് ആഡംബരപൂർണമായ അനുഭവം സമ്മാനിക്കും.
അൽ ഖസീം, ഹൈൽ, അൽ ജൗഫ് തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലുടെ ട്രെയിൻ കടന്നു പോകും. ഓരോ ഇടത്തും സൗദി അറേബ്യയുടെ സംസ്കാരവും പൈതൃകവും യാത്രക്കാർക്ക് അനുഭവിക്കാനാകും.
സൗദി അറേബ്യയുടെ വിനോദസഞ്ചാര മേഖല വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. 2030ഓടെ 15 കോടി സഞ്ചാരികളെ ആകർഷിക്കുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം. “മരുഭൂമിയുടെ സ്വപ്നങ്ങൾ” പദ്ധതി സ്വപ്നങ്ങളുടെ മരുഭൂമി പോലുള്ള ആഡംബര ട്രെയിൻ സർവീസുകൾ രാജ്യത്തിന്റെ വിനോദസഞ്ചാര വ്യവസായത്തിന് വലിയ ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.