ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട തങ്ങളുടെ പുതിയ ഹോണ്ട എലിവേറ്റ് എസ്‌യുവി ഇന്ത്യൻ കാർ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു, മുൻ മോഡലുകൾ നിർത്തലാക്കപ്പെട്ടതിനാൽ കമ്പനിക്ക് രാജ്യത്തുള്ള പരിമിതമായ ലൈനപ്പ് കണക്കിലെടുത്ത് ഒരു സുപ്രധാന നീക്കമായി ഇത് കരുതപ്പെടുന്നു
ഹോണ്ടയെ സംബന്ധിച്ച് ഹോണ്ട എലിവേറ്റിന് ഇന്ത്യയിൽ കാര്യമായ പ്രാധാന്യം ഉണ്ട്.ഈ വരാനിരിക്കുന്ന എസ്‌യുവിയുടെ വിജയം കമ്പനിയുടെ ഇന്ത്യൻ പോർട്ട്‌ഫോളിയോയെ സാരമായി ബാധിക്കും.
ജൂണിൽ ഇന്ത്യയിൽ ഹോണ്ട എലിവേറ്റ് എസ്‌യുവി അനാച്ഛാദനം ചെയ്തു. സെപ്തംബർ 4 ന് ആഭ്യന്തര കാർ വിപണിയിൽ ഔദ്യോഗികമായി ഹോണ്ട എലിവേറ്റ് അരങ്ങേറ്റം കുറിക്കും. ഡീലർഷിപ്പ് ഔട്ട്‌ലെറ്റുകളിലേക്ക് ഡെലിവറികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഒരു ഇടത്തരം എസ്‌യുവിയായി സ്ഥാനം പിടിച്ചിരിക്കുന്ന എലിവേറ്റ് ജനപ്രിയ മോഡലുകളായ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര എന്നിവയുമായി മത്സരിക്കും.
4,312 എംഎം നീളവും 1,790 എംഎം വീതിയും 1,650 എംഎം ഉയരവുമുള്ള ഹോണ്ട എലിവേറ്റ് 220 എംഎം ഗ്രൗണ്ട് ക്ലിയറൻസിലും 2,650 എംഎം വീൽബേസിലുമാണ് ഓടുന്നത്.
121 എച്ച്‌പി പവറും 145 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിനുള്ളത്. ഇത് 6-സ്പീഡ് മാനുവലും 7-സ്റ്റെപ്പ് CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനും വാഗ്ദാനം ചെയ്യുന്നു.
SV, V, VX, ZX എന്നിങ്ങനെ നാല് വേരിയൻറുകളിൽ ഹോണ്ട എലിവേറ്റ് എസ്‌യുവി ലഭ്യമാകും. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആറ് എയർബാഗുകൾ, അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റങ്ങൾ , 8 സ്പീക്കർ ഓഡിയോ സിസ്റ്റം, ലെതറെറ്റ് ബ്രൗൺ സീറ്റ് അപ്‌ഹോൾസ്റ്ററി സോഫ്റ്റ് ടച്ച് ഡാഷ്‌ബോർഡ്, സൺറൂഫ്
എന്നിവയുൾപ്പെടെ നിരവധി സവിശേഷതൾ ഹോണ്ട എലിവേറ്റിനുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ പ്രാരംഭ വില ഏകദേശം 11 ലക്ഷം രൂപയായിരിക്കും (എക്സ്-ഷോറൂം)