മലേഷ്യയിൽ തിരക്കേറിയ റോഡിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്ന് വീണ് കുറഞ്ഞത് 10 പേരുടെ ദാരുണമായ മരണത്തിന് ഇടയാക്കി .വ്യാഴാഴ്ച ലങ്കാവിയിൽ നിന്ന് പറന്നുയർന്ന ജെറ്റ് റോഡിലേക്ക് മൂക്ക് കുത്തുകയും തീപിടിക്കുകയും ചെയ്തതോടെയാണ് സംഭവം ഉണ്ടായത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരുടെയും റോഡിലുണ്ടായിരുന്ന രണ്ട് വാഹനയാത്രക്കാരുടെയും ജീവൻ നഷ്ടപെട്ടു.
സെലാൻഗോർ പ്രവിശ്യയിലെ എൽമിന പട്ടണത്തിൽ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടമുണ്ടായത്. വിമാനം പൊട്ടിത്തെറിക്കുന്നതും തീജ്വാലകൾ പടരുന്നതിൻ്റെയും വീഡിയോകൾ പുറത്തു വന്നു. സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരുടെയും രണ്ട് വാഹനയാത്രികരുടെയും ജീവൻ നഷ്ടപ്പെട്ടതായി പോലീസ് മേധാവി മുഹമ്മദ് ഇഖ്ബാൽ ഇബ്രാഹിം സ്ഥിരീകരിച്ചു.
ലങ്കാവിയിൽ നിന്ന് പുറപ്പെട്ട വിമാനം സുബാംഗിലെ സുൽത്താൻ അബ്ദുൾ അസീസ് ഷാ എയർപോർട്ടിൽ ലാൻഡ് ചെയ്യാനിരുന്നെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകർന്നുവീണു. സമീപത്തെ ഒരു ഡെന്റൽ ക്ലിനിക്കിലെ സുരക്ഷാ ക്യാമറകൾ ആഘാതത്തിന്റെ നിമിഷം റെക്കോർഡുചെയ്‌തു.
ടെയിൽ നമ്പർ N28jV ബീച്ച്‌ക്രാഫ്റ്റ് പ്രീമിയർ 1 എന്ന് തിരിച്ചറിഞ്ഞ വിമാനം പുൽത്തകിടിയിലേക്ക് തെന്നിമാറി റോഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലാൻഡിംഗിന് അനുമതി ലഭിച്ച വിമാനത്തിൽ നിന്ന് ഒരു അപകട കോളും ലദിച്ചില്ലെന്ന് സെലാംഗൂർ പോലീസ് മേധാവി പറഞ്ഞു. അപകടത്തിൻ്റെ കാരണം വ്യക്തമല്ല.