
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനിടയിലും രാജ്യത്ത് ഇന്ധനവും ഊർജ വിതരണവും സ്ഥിരതയോടെ തുടരുമെന്ന് കേന്ദ്ര സർക്കാർ തിങ്കളാഴ്ച ഉറപ്പുനൽകി. രാജ്യത്തെ എല്ലാ റിഫൈനറികളും പരമാവധി ശേഷിയിൽ പ്രവർത്തിക്കുന്നതായും ഗൃഹോപയോഗത്തിനും ഗതാഗത ആവശ്യങ്ങൾക്കും ആവശ്യമായ പ്രകൃതിവാതക വിതരണം 100 ശതമാനം ഉറപ്പാക്കിയതായും സർക്കാർ വ്യക്തമാക്കി.

ന്യൂഡൽഹിയിൽ നടന്ന അന്തർ-മന്ത്രാലയ യോഗത്തിൽ സംസാരിക്കുകയായിരുന്ന പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ , രാജ്യത്ത് പ്രകൃതിവാതക വിതരണത്തിൽ യാതൊരു തടസ്സവും ഇല്ല എന്ന് പറഞ്ഞു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇപ്പോൾ 50 ശതമാനം വാണിജ്യ എൽപിജി ലഭ്യമാണെന്നും അവർ പറഞ്ഞു. റെസ്റ്റോറന്റുകൾ, ഢാബകൾ, ഹോട്ടലുകൾ, ഇൻഡസ്ട്രിയൽ കാന്റീനുകൾ, ഡയറി യൂണിറ്റുകൾ, ഭക്ഷ്യസംസ്കരണ സ്ഥാപനങ്ങൾ, സംസ്ഥാന-പ്രാദേശിക സ്ഥാപനങ്ങൾ നടത്തുന്ന സബ്സിഡി കാന്റീനുകൾ എന്നിവയ്ക്കാണ് മുൻഗണന നൽകി വിതരണം നടത്തുന്നത്.
കുടിയേറ്റ തൊഴിലാളികൾക്കായി 5 കിലോ എഫ്ടിഎൽ (FTL) എൽപിജി സിലിണ്ടറുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. പൈപ്പ് വഴി ലഭ്യമാകുന്ന പ്രകൃതിവാതകമായ പി.എൻ.ജി (PNG) ഉപയോഗം വർധിപ്പിക്കുന്നതിനായി സർക്കാർ എടുത്ത നടപടികളുടെ ഫലമായി കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഏകദേശം 3.5 ലക്ഷം പുതിയ ഗൃഹ-വാണിജ്യ പി.എൻ.ജി കണക്ഷനുകൾ സജീവമാക്കിയിട്ടുണ്ട്. എൽപിജി വിതരണത്തെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെങ്കിലും വിതരണം തടസ്സമില്ലാതെ തുടരുന്നതായും അവർ വ്യക്തമാക്കി.
രാജ്യമെമ്പാടുമുള്ള പെട്രോൾ പമ്പുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്ന തായും എല്ലാ ഇടങ്ങളിലും മതിയായ ഇന്ധനം ലഭ്യമാണെന്നും സുജാത ശർമ്മ പറഞ്ഞു. കരിഞ്ചന്തയും സംഭരണവും നിയന്ത്രിക്കുന്നതിനായി ഏകദേശം 37,000 റെയ്ഡുകൾ നടത്തിയതായും 550 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായും 150 പേർ അറസ്റ്റിലായതായും അവർ അറിയിച്ചു. ഓയിൽ മാർക്കറ്റിംഗ് കമ്പനികളും രാജ്യത്തുടനീളം അപ്രതീക്ഷിത പരിശോധനകൾ നടത്തിയിട്ടുണ്ട്.
.