മഹാരാഷ്ട്രയിൽ നിന്ന് റഷ്യയിലേക്ക് ഇന്ത്യ 20 ടൺ വാഴപ്പഴം കയറ്റുമതി നടത്തി. അഗ്രിക്കൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് എക്സ്പോർട്ട് ഡെവലപ്മെൻറ് അതോറിറ്റിയുടെ (APEDA) മേൽ നോട്ടത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. ഇത്രയും വലിയ തോതിൽ ഇന്ത്യൻ വാഴപ്പഴം റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് ഇതാദ്യമായാണ്. ഇത് കർഷകർക്കും കയറ്റുമതിക്കാർക്കും വലിയ അവസരങ്ങൾ തുറന്നു നൽകുന്നു.
മുംബൈ ആസ്ഥാനമായ ഗുരുക്രുപ കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡാണ് ഈ കയറ്റുമതി നടത്തിയത്. സ്ത്രീ സംരംഭകരെ പിന്തുണയ്ക്കുന്നതിന് പ്രശസ്തമായ ഈ കമ്പനി ആന്ധ്രാപ്രദേശിൽ നിന്നാണ് വാഴപ്പഴങ്ങൾ ശേഖരിച്ചത്.
റഷ്യൻ വിപണിയിൽ ഇന്ത്യൻ ഉഷ്ണമേഖലാ പഴങ്ങളോട്, പ്രത്യേകിച്ച് വാഴപ്പഴങ്ങളോട്, താൽപ്പര്യം വർദ്ധിക്കുന്നത് ഇന്ത്യയ്ക്ക് വലിയ സാധ്യതയാണ്. പരമ്പരാഗതമായി റഷ്യയുടെ വാഴപ്പഴം ഇറക്കുമതി ഇക്വഡോറിൽ നിന്നാണ് നടത്തിയിരുന്നത് . എന്നാൽ മത്സരാധിഷ്ഠിത വിലയും ഗുണനത്തിലുള്ള ശ്രദ്ധയും ഇന്ത്യൻ വാഴപ്പഴത്തെ ആകർഷകമായ ഒരു ബദലാക്കി മാറ്റുന്നു.
ലോകത്തിലെ ഏറ്റവും വലിയ വാഴപ്പഴം ഉത്പാദകരായിരിക്കെത്തന്നെ ഇന്ത്യയുടെ ആഗോള കയറ്റുമതി വിപണിയിലെ പങ്ക് 1% മാത്രമാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1 ബില്യൺ ഡോളറിന്റെ വാഴപ്പഴം കയറ്റുമതി ലക്ഷ്യമിട്ട് എപിഇഡിഎ പ്രവർത്തിക്കുന്നു
ഈ നേട്ടം സാമ്പത്തിക നേട്ടങ്ങൾക്കപ്പുറത്തേക്ക് കടക്കുന്നു. കൂടുതൽ കയറ്റുമതി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇത് മൊത്തത്തിലുള്ള ഇന്ത്യൻ കാർഷിക കയറ്റുമതിയുടെ വളർച്ചയ്ക്ക് കാരണമാകും.
ഈ നാഴികക്കല്ല് എപിഇഡിഎ, കയറ്റുമതിക്കാർ, കർഷകർ എന്നിവരുടെ സഹകരണത്തിന്റെ ദൃഷ്ടാന്തമാണ്. ഇന്ത്യയുടെ കാർഷിക കയറ്റുമതിയിലെ പുതിയ അധ്യായം ഇത് ആരംഭിക്കുന്നു,