2024-ലെ ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസിനും ഗാരി റുവ്‌കൂണിനും അവരുടെ മൈക്രോആർഎൻഎയുടെ കണ്ടെത്തലിനും പോസ്റ്റ് ട്രാൻസ്‌ക്രിപ്‌ഷണൽ ജീൻ നിയന്ത്രണത്തിൽ അതിൻ്റെ നിർണായക പങ്ക് കണ്ടത്തിയതിനും ലഭിച്ചു. ഈ അടിസ്ഥാന തത്വം ജീൻ പ്രവർത്തനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള മനുഷ്യൻ്റെ അറിവിനെ ഗണ്യമായി മെച്ചപ്പെടുത്തി.
കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ നൊബേൽ അസംബ്ലിയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ജീവജാലങ്ങളുടെ ശാരിരീക വളർച്ചയെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള നമ്മുടെ അറിവിൽ അംബ്രോസിൻ്റെയും റവ്കുൻ്റെയും ഗവേഷണത്തിൻ്റെ ആഴത്തിലുള്ള സ്വാധീനം തിരിച്ചറിഞ്ഞു. അവരുടെ കണ്ടെത്തൽ ജീൻ എക്സ്പ്രഷനെ നിയന്ത്രിക്കുന്ന സങ്കീർണ്ണമായ സംവിധാനങ്ങളിലേക്ക് വെളിച്ചം വീശുകയും ജീവശാസ്ത്രത്തിൻ്റെയും വൈദ്യശാസ്ത്രത്തിൻ്റെയും വിവിധ മേഖലകളിൽ കൂടുതൽ പുരോഗതിക്ക് വഴിയൊരുക്കുകയും ചെയ്തു.
വിജയികൾക്ക് 1.1 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും. 1901 മുതൽ ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ എന്നിവയ്ക്കുള്ള 115-ാമത് നൊബേൽ സമ്മാനമാണ് ഈ വർഷത്തെ അവാർഡ് . ഈ മേഖല നിരവധി തകർപ്പൻ കണ്ടെത്തലുകൾ കണ്ടിട്ടുണ്ടെങ്കിലും, മൊത്തം 229 സ്വീകർത്താക്കളിൽ 13 സ്ത്രീകൾക്ക് മാത്രമാണ് ഇതു വരെ സമ്മാനം ലഭിച്ചത്.
ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ചൊവ്വാഴ്ചയും തുടർന്ന് രസതന്ത്രത്തിനുള്ള പുരസ്‌കാരം ബുധനാഴ്ചയും പ്രഖ്യാപിക്കും