തിരുവന്തപുരം : കേരളത്തിൽ നിലവിൽ 2223 കോവിഡ് കേസുകൾ ചികിത്സയിൽ തുടരുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ഇവരിൽ 96 പേർക്ക് മാത്രമാണ് ചികിത്സ ആവശ്യമായിട്ടുള്ളത്, ഭൂരിഭാഗം പേരും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവരാണെന്നും മന്ത്രി പറഞ്ഞു.
എറണാകുളത്ത് 431 കേസുകളും, കോട്ടയത്ത് 426 കേസുകളും, തിരുവനന്തപുരത്ത് 365 കേസുകളുമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് ഇപ്പോള്‍ കൂടുതലായി കാണപ്പെടുന്നത് ഒമിക്രോൺ വകഭേദങ്ങളായ ജെഎൻ.1 ന്റെ വകഭേദങ്ങളായ എൽഎഫ്.7 (LF.7), എക്സ്.എഫ്.ജി (X.F.G) എന്നിവയാണ്. ഇവയ്ക്ക് തീവ്രത കുറവാണെങ്കിലും വളരെ വേഗത്തിൽ പകരാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.
രോഗവ്യാപനം ഒഴിവാക്കാൻ ആശുപത്രികളിലേയ്ക്ക് അനാവശ്യ സന്ദർശനം ഒഴിവാക്കണം. ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികൾ ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗം നിർബന്ധമായിട്ടുണ്ട്. കൂടാതെ, ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയാക്കണം.
