You are currently viewing തോട്ടപ്പള്ളി ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയിൽ 300 കിലോ ചെറിയ അയല പിടികൂടി നശിപ്പിച്ചു
Representational image only

തോട്ടപ്പള്ളി ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയിൽ 300 കിലോ ചെറിയ അയല പിടികൂടി നശിപ്പിച്ചു

ആലപ്പുഴ തോട്ടപ്പള്ളി ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പ് ഹാര്‍ബര്‍ പട്രോളിങ് വിഭാഗം നടത്തിയ പരിശോധനയില്‍ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിനു വിരുദ്ധമായി ചെറുമത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം ലീഗല്‍ സൈസില്‍ (14സെ.മീ.) താഴെയുള്ള 300 കിലോ ചെറിയ അയല മത്സ്യം കണ്ടു കെട്ടി നശിപ്പിച്ചു. ബോട്ടിനെതിരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

 ചെറുമത്സ്യങ്ങളെ പിടിക്കുന്നതില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ പിന്മാറണമെന്നും ഫിഷറീസ് അധികൃതര്‍ വ്യക്തമാക്കി. വളര്‍ച്ച എത്താത്ത ചെറുമത്സ്യങ്ങള്‍ മത്തി (10 സെ.മീ. താഴെ ), അയല (14 സെ.മീ. താഴെ) പിടിക്കുന്നത് മത്സ്യ സമ്പത്തിന് വിഘാധമാകുന്നതും മത്സ്യശോഷണത്തിനു കാരണമാകുന്നതുമാണ്. ചെറുമത്സ്യങ്ങളെ പിടിക്കുന്നത് മത്സ്യസമ്പത്തു നശിപ്പിക്കുമെന്നും കഴിഞ്ഞ വര്‍ഷം വളര്‍ച്ച എത്താത്ത ചെറു മത്സ്യങ്ങള്‍ പിടിക്കാത്തത് മൂലം ഈ വര്‍ഷം നല്ല രീതിയില്‍ മത്തി, അയല എന്നിവ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു എന്നും അവര്‍ വ്യക്തമാക്കി. 

വരും ദിവസങ്ങളിലും കെ.എം.എഫ്.ആര്‍. നിയമത്തിനു എതിരായി ചെറുമത്സ്യങ്ങളെ പിടിക്കല്‍, രജിസ്ട്രേഷന്‍ ലൈസന്‍സ് ഇല്ലാതെയുള്ള മത്സ്യ ബന്ധനം എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും 2.5 ലക്ഷം രൂപ വരെ പിഴ ഈടാക്കുകയും യാനത്തിലെ മത്സ്യം കണ്ടു കെട്ടി നിയമ നടപടി സ്വീകരിക്കുമെന്നും ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Leave a Reply