
ചെന്നൈ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിക്കിടന്ന 345 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ സുരക്ഷിതമായി നാട്ടിലെത്തി. ഏപ്രിൽ 4-ന് ശനിയാഴ്ച വൈകുന്നേരം അർമേനിയ വഴി നടത്തിയ പ്രത്യേക വിമാന സർവീസിലൂടെയാണ് ഇവർ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.

രക്ഷിക്കപ്പെട്ടവരിൽ ഭൂരിഭാഗവും തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ നിന്നുള്ളവരാണ്. കൂടാതെ കേരളം, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളും സംഘത്തിലുണ്ടായിരുന്നു.
ഇറാനിലെ തെക്കൻ മേഖലയായ കിഷ് ദ്വീപിൽ കുടുങ്ങിയ ഇവരെ ആദ്യം രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലേക്ക് മാറ്റി. തുടർന്ന് കരമാർഗ്ഗം അർമേനിയൻ അതിർത്തി കടത്തി യെരേവനിലെത്തിച്ച ശേഷമാണ് പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് എത്തിച്ചത്.
തെഹ്റാനിലെയും യെരേവനിലെയും ഇന്ത്യൻ ദൗത്യസ്ഥാപനങ്ങളും വിദേശകാര്യ മന്ത്രാലയവും ചേർന്നുള്ള ഇടപെടലുകളാണ് രക്ഷാപ്രവർത്തനം സാധ്യമാക്കിയത്. അർമേനിയ വിദേശകാര്യ മന്ത്രി അരാരത്ത് മിർസോയനോട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സാമൂഹ്യമാധ്യമമായ എക്സ് വഴി നന്ദി അറിയിച്ചു.
കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ വിമാനടിക്കറ്റ് ഉൾപ്പെടെയുള്ള ചിലവുകൾ വഹിച്ചു. ചെന്നൈയിലെത്തിയ മത്സ്യത്തൊഴിലാളികൾക്ക് ബിജെപി നേതാക്കൾ ഭക്ഷണവും വസ്ത്രവും ഉൾപ്പെടെയുള്ള സഹായങ്ങൾ ഒരുക്കി. തുടർന്ന് പ്രത്യേക ബസുകളിൽ ഇവരെ സ്വന്തം നാട്ടുകളിലേക്ക് യാത്രയാക്കി.
കഴിഞ്ഞ ദിവസങ്ങളായി ഇറാനിലെ യുദ്ധസമാനമായ സാഹചര്യം മൂലം ജോലി നഷ്ടപ്പെടുകയും പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നഷ്ടപ്പെടുകയും ചെയ്തതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടുത്ത പ്രയാസത്തിലായിരുന്നു. കൂടുതൽ പേർ വരും ദിവസങ്ങളിൽ നാട്ടിലെത്തുമെന്നാണു സൂചന.