ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ അവിശിഷ്ടങ്ങൾക്കിടയിൽ നിന്ന് 63 മൃതദേഹങ്ങൾ കണ്ടെടുത്തു. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഉയരുമെന്നാണ് കരുതുന്നത്. പരിക്കേറ്റ 128-ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമെന്ന് ഭയപ്പെടുന്നു.
ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവർ രക്ഷപ്പെട്ടവരെ കണ്ടെത്തുന്നതിനും രക്ഷിക്കുന്നതിനുമായി അശ്രാന്ത പരിശ്രമത്തിലാണ്.
ദുരന്തത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി കേരള സർക്കാർ ഇന്ന് മുതൽ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. എല്ലാ പൊതുപരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചു, ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
അതിനിടെ, അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള എട്ട് ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, പാലക്കാട്, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്. എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.