കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ ഒരു പുതിയ പഠനമനുസരിച്ച്, ഇന്ത്യയുടെ 90% വും പ്രത്യേകിച്ച് ഡൽഹി പൂർണ്ണമായും താപ തരംഗങ്ങളുടെ “അപകട മേഖല”യിലാണ്. എന്നാൽ, ഡൽഹി സർക്കാരിൻ്റെ കാലാവസ്ഥാ വ്യതിയാനത്തിനായുള്ള നിലവിലെ സംസ്ഥാന കർമപദ്ധതി ഇത് ഉൾകൊള്ളുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുടെ 90% ത്തിലധികം പേരും ഹീറ്റ് ഇൻഡക്സ് (എച്ച്ഐ) അനുസരിച്ച് താപ തരംഗ ആഘാതങ്ങളുടെ അങ്ങേയറ്റം “അപകടകരമായ” നിലയിലാന്നെന്നും പഠനത്തിൽ കണ്ടെത്തി.
യുണൈറ്റഡ് നേഷൻസിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൂട് തരംഗങ്ങൾ ഗണ്യമായി തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും നിലവിലെ വിലയിരുത്തൽ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട താപ തരംഗങ്ങളുടെ ആഘാതം പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ലെന്നും അഭിപ്രായപ്പെട്ടു.
ഉഷ്ണതരംഗങ്ങൾ ഇന്ത്യയിൽ 50 വർഷത്തിനിടെ 17,000-ലധികം ജീവൻ അപഹരിച്ചതായി ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ മുൻ സെക്രട്ടറി എം രാജീവൻ, ശാസ്ത്രജ്ഞരായ കമൽജിത് റേ, എസ് എസ് റേ, ആർ കെ ഗിരി, എ പി ദിമ്രി എന്നിവർ ചേർന്ന് എഴുതിയ പ്രബന്ധം പറയുന്നു.
1971-2019 കാലഘട്ടത്തിൽ രാജ്യത്ത് 706 ഉഷ്ണതരംഗ സംഭവങ്ങൾ ഉണ്ടായതായി 2021ൽ പ്രസിദ്ധീകരിച്ച പ്രബന്ധം പറയുന്നു.
ഞായറാഴ്ച മുംബൈയിൽ നടന്ന മഹാരാഷ്ട്ര സർക്കാർ അവാർഡ് ദാന ചടങ്ങിനിടെ 13 പേർ ചൂട് ബാധിച്ച് മരിച്ചു, ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു താപ തരംഗവുമായി ബന്ധപ്പെട്ട ഒരു സംഭവത്തിൽ നിന്നുള്ള ഏറ്റവും ഉയർന്ന മരണസംഖ്യകളിലൊന്നായി മാറി.
ഉഷ്ണതരംഗങ്ങളുടെ ആഘാതം ഉടനടി പരിഹരിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടാൽ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പുരോഗതി മന്ദഗതിയിലാക്കുമെന്ന് രചയിതാക്കൾ മുന്നറിയിപ്പ് നൽകി.