തിരുവനന്തപുരം:സംസ്ഥാനത്തെ ഒരു മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക നൽകാൻ ധനവകുപ്പ് 900 കോടി അനുവദിച്ചു. തിങ്കളാഴ്ച മുതൽ വിതരണം ആരംഭിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു
നാല് മാസത്തെ കുടിശ്ശികയിൽ ഒരു മാസത്തെ കുടിശ്ശിക ബുധനാഴ്ച നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
കേരളം നേരിടുന്ന സാമ്പത്തിക ഞെരുക്കത്തിൽ കെഎൻ ബാലഗോപാൽ ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്രം സംസ്ഥാനത്തിന് ഗണ്യമായ തുക നൽകാനുണ്ടെന്ന് പറഞ്ഞു. 54,000 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് കുടിശ്ശിക ലഭിക്കാനുണ്ടെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക വെല്ലുവിളികൾ സൃഷ്ടിച്ചു. കേരളത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഈ തുക അടിയന്തരമായി ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽ നിന്ന് അർഹമായ കുടിശ്ശിക ലഭിക്കാൻ വൈകിയതാണ് കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിന് ഇത് അത്യന്താപേക്ഷിതമാണെന്നും കേന്ദ്ര സർക്കാർ സംസ്ഥാനത്തോടുള്ള സാമ്പത്തിക പ്രതിബദ്ധത പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ക്ഷേമ പെൻഷൻ ഇത്രയും കാലം മുടങ്ങുന്നത് ഇതാദ്യമാണ്. ക്ഷേമ പെൻഷൻ എല്ലാ മാസവും നൽകുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റിൽ ഓണക്കാലത്ത് മേയ്, ജൂൺ മാസങ്ങളിലെ പെൻഷൻ കുടിശ്ശിക സർക്കാർ തീർപ്പാക്കിയെങ്കിലും ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ പെൻഷൻ നൽകാൻ തുടർ നടപടിയുണ്ടായില്ല.