You are currently viewing നാനോ-യൂറിയ ഇന്ത്യയിലെ പരമ്പരാഗത യൂറിയ ഉപഭോഗം വൻതോതിൽ  കുറയ്ക്കും.

നാനോ-യൂറിയ ഇന്ത്യയിലെ പരമ്പരാഗത യൂറിയ ഉപഭോഗം വൻതോതിൽ  കുറയ്ക്കും.

ഇന്ത്യയിലെ പരമ്പരാഗത യൂറിയ ഉപഭോഗം 2023 സാമ്പത്തിക വർഷത്തിലെ 357 ലക്ഷം ടണ്ണിൽ നിന്ന് 2024 ൽ 327 ലക്ഷം ടണ്ണായി  കുറയുമെന്ന് കണക്കാക്കപെടുന്നു, കേന്ദ്ര വളം മന്ത്രി മൻസുഖ് മാണ്ഡവിയ പറഞ്ഞു.ഈ കുറവിന് കാരണം പുതിയ നാനോ യൂറിയയുടെ വർദ്ധിച്ച് വരുന്ന ഉപയോഗമാണ്.

“വളങ്ങളുടെ സന്തുലിതമായ ഉപയോഗം മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും,” മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും  യൂറിയ കയറ്റുമതി ചെയ്യുന്നതിനുമുള്ള സർക്കാരിന്റെ ലക്ഷ്യത്തെ ഊന്നിപ്പറഞ്ഞുകൊണ്ട് മാണ്ഡവിയ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാർഖണ്ഡിലെ സിന്ധ്രിയിൽ ഉദ്ഘാടനം ചെയ്ത പുതിയ വളം ഫാക്ടറി  വർഷം തോറും 12.7 ലക്ഷം മെട്രിക് ടൺ യൂറിയ അധികമായി ഉത്പാദിപ്പിക്കും.

സ്വയംപര്യാപ്തിയിലേക്കുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വളം ഇറക്കുമതിയിലെ കുറവിലൂടെ വ്യക്തമാണ്. എസ് ആൻഡ് പി ഗ്ലോബൽ കൊമോഡിറ്റി ഇൻസൈറ്റ്സ് അനുസരിച്ച്, 2023 ൽ ഇറക്കുമതി മുൻ വർഷത്തെ അപേക്ഷിച്ച് 21.3% കുറഞ്ഞ് 7.41 ദശലക്ഷം ടണ്ണായി. ഈ കുറവ് രാജ്യത്തെ ആഭ്യന്തര യൂറിയ ഉത്പാദനത്തിലെ 13.4% വർദ്ധനവുമായി പൊരുത്തപ്പെടുന്നു, 2022 ൽ 27.43 ദശലക്ഷം ടണ്ണായിരുന്നത് 2023 ൽ 31.11 ദശലക്ഷം ടണ്ണായി ഉയർന്നു.

ടാൽച്ചർ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ് എന്ന അഞ്ചാമത്തെ വളം ഫാക്ടറി 2024 സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വർഷം തോറും 3.85 ദശലക്ഷം ടൺ യൂറിയ ഉത്പാദിപ്പിക്കാനുള്ള ശേഷിയുള്ള ഈ പ്ലാന്റ് യൂറിയ ഉത്പാദനത്തിൽ സ്വയംപര്യാപ്തി നേടുന്നതിനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന്  സംഭാവന നൽകും.

നാനോ ടെക്‌നോളജി ഉപയോഗിച്ചാണ് നാനോ യൂറിയ നിർമ്മിക്കുന്നത്, അതിൻ്റെ കണിക വലിപ്പം ഏകദേശം 20-50 നാനോമീറ്ററാണ്.  നാനോ യൂറിയയ്ക്ക് പരമ്പരാഗത യൂറിയ പ്രില്ലിനേക്കാൾ വലിയ ഉപരിതല വിസ്തീർണ്ണവും കൂടുതൽ കണികകളുമുണ്ട്.  ഊർജ്ജ കാര്യക്ഷമതയും പരിസ്ഥിതി സൗഹൃദവുമായ പ്രക്രിയയും ഉപയോഗിച്ചാണ് നാനോ യൂറിയ നിർമ്മിക്കുന്നത്.  വിളകൾക്ക് ഇത്  ഉയർന്ന പോഷകം നല്കുന്നു.  ഇലകളിൽ വളപ്രയോഗമായി ഉപയോഗിക്കുമ്പോൾ, നാനോ യൂറിയയ്ക്ക് വിള ഉൽപാദനക്ഷമത 8% വരെ വർദ്ധിപ്പിക്കാൻ കഴിയും.  നാനോ യൂറിയ ഉപയോഗിക്കുന്നതിന്, 2-4 മില്ലി ലിറ്റർ നാനോ യൂറിയ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തുക.

Leave a Reply