കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ടി20 ചരിത്രത്തിൽ ഇടംനേടുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയർത്തിയ 262 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പഞ്ചാബ് കിംഗ്‌സ് മറികടന്നു. അവസാന സ്‌കോർകാർഡിൽ തെളിഞ്ഞത് മൊത്തം 523 റൺസ് , ഇതോടെ ഇതുവരെ കളിച്ച ഏറ്റവും ഉയർന്ന സ്‌കോറുള്ള ടി20 മത്സരമായി മാറി.
ഇരുടീമുകളും ബാറ്റ് വീശിയടിച്ചു യഥേഷ്ടം റൺസ് നേടി. ഇരുവശത്തും ഓപ്പണർമാർ മിന്നുന്ന പ്രകടനം കാഴ്ച്ച വച്ചു. പഞ്ചാബ് കിംഗ്‌സിൻ്റെ ജോണി ബെയർസ്റ്റോ 45 പന്തിൽ നിന്ന് സെഞ്ച്വറി നേടി
റൺസിൻ്റെ കുത്തൊഴുക്ക് അവിടെ നിന്നില്ല. അഞ്ച് അർധസെഞ്ചുറികൾ മത്സരത്തിൽ പിറന്നു . ഫിൽ സാൾട്ട് 75/(37), സുനിൽ നരെയ്ൻ 71 (32), ശശാങ്ക് സിംഗ് 68(28), പ്രഭ്സിമ്രാൻ സിംഗ് 54(20) എന്നിവർ അവരുടെ ടീമുകൾക്ക് നിർണായക പിന്തുണ നൽകി.
42 സിക്‌സറുകൾ ബൗണ്ടറി റോപ്പിനു മുകളിലൂടെ കടന്നപ്പോൾ ബൗളർമാർ വെറും കാഴ്ചക്കാരായി – ഒരു ടി20 മത്സരത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കൂടുതൽ സിക്സറുകൾ കണ്ട മത്സരമാണിത്. 37 ബൗണ്ടറികൾ പിറന്നതും റൺ ഫെസ്റ്റിന് ആക്കം കൂട്ടി.
1.2 ഓവർ ബാക്കി നിൽക്കെ പഞ്ചാബ് കിംഗ്‌സ് വിജയലക്ഷ്യം മറികടന്നു. 2020ൽ രാജസ്ഥാൻ റോയൽസ് സ്ഥാപിച്ച 226-6 എന്ന മുൻ റെക്കോർഡാണ് ഈ ചേസ് മറികടന്നത്.