ഈ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ മാസത്തിൽ പ്രധാന ധാതുക്കളുടെയും അലുമിനിയം ലോഹത്തിൻ്റെയും ഉൽപാദനത്തിൽ ഗണ്യമായ ഉയർച്ചയുണ്ടായതായി സർക്കാർ വെളിപെടുത്തി. ഖനന മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഇരുമ്പയിരിൻ്റെ ഉത്പാദനം 2023 ഏപ്രിലിൽ ഉണ്ടായ 25 ദശലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 2024 ഏപ്രിലിൽ 26 ദശലക്ഷം മെട്രിക് ടണ്ണായി ഉയർന്നു, ഇത് 4 ശതമാനം വളർച്ച രേഖപ്പെടുത്തി.
ചുണ്ണാമ്പുകല്ല് ഉൽപാദനവും 2.1 ശതമാനം വർദ്ധിച്ചു. 2023 ഏപ്രിലിൽ ഉണ്ടായ 38.5 ദശലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 2024 ഏപ്രിലിൽ 39.3 ദശലക്ഷം മെട്രിക് ടണ്ണായി വർദ്ധിച്ചതായി കണക്കുകൾ കാണിക്കുന്നു.
നോൺ-ഫെറസ് ലോഹ മേഖലയിൽ അലുമിനിയം ലോഹത്തിൻ്റെ ഉത്പാദനം 41.6 ലക്ഷം ടണ്ണുമായി റെക്കോർഡ് നിലയിലെത്തി.അലുമിനിയം ഉൽപ്പാദനം വളർച്ചയുടെ പാതയിൽ തുടരുകയാണെന്ന് മന്ത്രാലയം പറഞ്ഞു, ഇത് മുൻ സാമ്പത്തിക വർഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 1 ശതമാനം വർധനവ് കാണിക്കുന്നു.
മെച്ചപ്പെട്ട ഖനന രീതികൾ, സാങ്കേതിക മുന്നേറ്റങ്ങൾ, ധാതു ഉൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അനുകൂല നയ ങ്ങൾ എന്നിവയാണ് ഈ പോസിറ്റീവ് പ്രവണതകൾക്ക് കാരണമെന്ന് ഖനി മന്ത്രാലയം പറഞ്ഞു. ഉൽപ്പാദനത്തിലെ ക്രമാനുഗതമായ വർദ്ധനവ് രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്കും വ്യാവസായിക വികസനത്തിനും ഗണ്യമായ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു.