പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 9 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് രാവിലെ നടന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) പാർലമെൻ്ററി പാർട്ടി യോഗത്തിൽ ബിജെപി നേതാവ് പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.
ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ നിർണായക വിജയം നേടിയ എൻഡിഎ മോദിയുടെ നേതൃത്വം ആവർത്തിച്ച് ഉറപ്പിച്ചു.
293 എംപിമാരുള്ള എൻഡിഎ, 543 അംഗ ലോക്‌സഭയിൽ ഭൂരിപക്ഷമായ 272 അനായാസമായി മറികടന്നു.
രാഷ്ട്രസേവനത്തിനായി ഓരോ നിമിഷവും ചെലവഴിച്ച പ്രധാനമന്ത്രിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു.അതുകൊണ്ടാണ് തുടർച്ചയായ മൂന്നാം തവണയും ഭൂരിപക്ഷത്തോടെ എൻഡിഎ സർക്കാർ രൂപീകരിക്കുന്നതും ചരിത്രം സൃഷ്ടിക്കുന്നതും എന്നദ്ദേഹം കൂട്ടിച്ചേർത്തു
ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിയും നിതീഷ് കുമാറിൻ്റെ ജെഡിയുവും അതത് സംസ്ഥാനങ്ങളിൽ യഥാക്രമം 16, 12 സീറ്റുകൾ നേടി എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ ഉന്നത രാഷ്ട്രീയ നേതാക്കളും നയതന്ത്രജ്ഞരും വിവിധ മേഖലകളിലെ പ്രമുഖരും ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.