കേരളത്തിൻ്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഗണ്യമായ ഉത്തേജനം നൽകിക്കൊണ്ട്, തീരപ്രദേശത്തെ പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിച്ച് ക്രൂയിസ് ഷിപ്പ് സർവീസുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. വിഴിഞ്ഞം, കൊല്ലം, കൊച്ചി, ബേപ്പൂർ, അഴീക്കൽ എന്നിവ ഉൾപ്പെടുന്നതാണ് നിർദ്ദിഷ്ട പാത. കെ വി സുമേഷ് എംഎൽഎയോടൊപ്പം അഴീക്കൽ തുറമുഖം സന്ദർശിച്ച ശേഷം അവിടെ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു സഹകരണം, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ .
ഇതോടൊപ്പം 1,200 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ഫെറി സർവീസ് കൊച്ചിക്കും ദുബായ്ക്കുമിടയിൽ തുടങ്ങാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഭാവിയിൽ ബേപ്പൂർ പോലുള്ള തുറമുഖങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കാർഗോ സർവീസുകൾ ആരംഭിക്കാൻ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സുമായും കോഴിക്കോട് ചേംബർ ഓഫ് കൊമേഴ്സുമായും സംസ്ഥാന സർക്കാർ ഈ മാസം ചർച്ച നടത്തും.
കൂടാതെ, കെ വി സുമേഷ് എംഎൽഎയും പങ്കെടുക്കുന്ന മാരിടൈം ബോർഡ് യോഗത്തിൽ അഴീക്കൽ തുറമുഖ വികസനം പ്രധാന അജണ്ടയാകും. തുറമുഖത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ നടപടികളുടെ രൂപരേഖയാണ് യോഗം ലക്ഷ്യമിടുന്നത്.