പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൂന്ന് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ 2024 ഓഗസ്റ്റ് 31 ന് ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും. ഈ അത്യാധുനിക ട്രെയിനുകൾ, മീററ്റ് സിറ്റി – ലഖ്നൗ, മധുരൈ – ബെംഗളൂരു, ചെന്നൈ എഗ്മോർ – നാഗർകോവിൽ എന്നീ മൂന്ന് പ്രധാന റൂട്ടുകളിലൂടെയുള്ള കണക്റ്റിവിറ്റി ഗണ്യമായി വർദ്ധിപ്പിക്കും.
മീററ്റ് സിറ്റി – ലഖ്നൗ വന്ദേ ഭാരത് എക്സ്പ്രസ് റൂട്ടിലെ നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനിനെ അപേക്ഷിച്ച് ഏകദേശം ഒരു മണിക്കൂർ യാത്രാ സമയം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ, ചെന്നൈ എഗ്മോർ – നാഗർകോവിൽ വന്ദേ ഭാരത് എക്സ്പ്രസ്, മധുര – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് എന്നിവ യഥാക്രമം രണ്ട് മണിക്കൂറും ഒരു മണിക്കൂർ 30 മിനിറ്റും യാത്രാ സമയം കുറയ്ക്കും.
ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്കുള്ള ഈ പുതിയ ട്രെയിനുകൾ, മെച്ചപ്പെട്ട വേഗതയും സുഖസൗകര്യവും ഉള്ള ലോകോത്തര യാത്രാനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു. സ്ഥിരം യാത്രക്കാർ, പ്രൊഫഷണലുകൾ, ബിസിനസ്സ് യാത്രക്കാർ, വിദ്യാർത്ഥികൾ എന്നിവർക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് അവ സജ്ജീകരിച്ചിരിക്കുന്നത്.