ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനമായ മകാല സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ 129 തടവുകാർ കൊല്ലപ്പെടുകയും 59 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെ തലസ്ഥാന നഗരമായ കിൻഷാസയിലെ തിങ്ങിനിറഞ്ഞ മകാല ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ച 24 തടവുകാർ മുന്നറിയിപ്പ് വെടിവയ്പ്പിലും മറ്റുള്ളവർ ഉന്തും തളളിലും ശ്വാസം മുട്ടിയുമാണ് മരിച്ചതെന്ന് ഡിആർസിയുടെ ആഭ്യന്തര മന്ത്രി ഷബാനി ലുക്കൂ പറഞ്ഞു.
ജയിൽ ചാടാനുള്ള ശ്രമത്തിനിടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം, രജിസ്ട്രി, ആശുപത്രി, ഫുഡ് ഡിപ്പോകൾ എന്നിവയ്ക്കും തീയിട്ടതായി അദ്ദേഹം പറഞ്ഞു. സംഘർഷത്തിൽ 59 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ മകാല സെൻട്രൽ ജയിലിൽ മണിക്കൂറുകളോളം വെടിയൊച്ചകൾ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആംനസ്റ്റി ഇൻ്റർനാഷണൽ റിപ്പോർട്ട് അനുസരിച്ച്, 1,500 തടവുകാർക്ക് ശേഷിയുള്ള ജയിലിൽ 12,000 തടവുകാരുണ്ടായിരുന്നു.