ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ല ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാന് മുന്നറിയിപ്പ് നൽകി നെതന്യാഹു.തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവർക്കെതിരെ നടപടിയെടുക്കാൻ ഇസ്രായേൽ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിലോ മധ്യപൂർവേഷ്യയിലോ ഉള്ള ഉള്ള ഒരു സ്ഥലവും ഇസ്രായേലിന് അപ്രാപ്യമല്ലെന്ന് നെതന്യാഹു പറഞ്ഞു.
എണ്ണമറ്റ ഇസ്രായേലികളുടെയും മറ്റ് രാജ്യങ്ങളിലെ പൗരന്മാരുടെയും മരണത്തിന് ഉത്തരവാദിയായ ഒരാളെന്നാണ് നെതന്യാഹു നസ്രല്ലയെ വിശേഷിപ്പിച്ചത്. “പലരുടെയും കൊലപാതകത്തിൽ പങ്കുള്ള ഒരു വ്യക്തിയുമായി ഇസ്രായേൽ കണക്കുകൾ തീർത്തു,” അദ്ദേഹം പറഞ്ഞു. ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കുക എന്ന വിശാലമായ ലക്ഷ്യം കൈവരിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് നസ്രല്ലയുടെ വധം എന്ന് ഇസ്രായേൽ നേതാവ് പറഞ്ഞു .
നസ്‌റല്ലയുടെ മരണത്തെ അദ്ദേഹത്തിൻ്റെ നിരവധി ഇരകൾക്ക് ലഭിച്ച നീതിയാണെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. പതിറ്റാണ്ടുകളായി അമേരിക്കക്കാരുടെയും ഇസ്രായേലികളുടെയും ലെബനീസ് പൗരന്മാരുടെയും മരണത്തിന് നസ്‌റല്ലയുടെ നേതൃത്വത്തിൽ ഹിസ്ബുള്ള ഉത്തരവാദിയാണെന്ന് പ്രസിഡൻ്റ് ബൈഡൻ അഭിപ്രായപ്പെട്ടു. ഹിസ്ബുള്ള, ഹമാസ്, ഹൂതികൾ എന്നിവയിൽ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിൻ്റെ അവകാശത്തിന് അമേരിക്കയുടെ അചഞ്ചലമായ പിന്തുണ അദ്ദേഹം ആവർത്തിച്ചു.