ഫ്ളോറിഡ വിക്ഷേപണ കേന്ദ്രത്തിൽ മിൽട്ടൻ ചുഴലിക്കാറ്റിനു ശേഷമുള്ള വിലയിരുത്തലുകൾ കാരണം നാസ വ്യാഴത്തിൻ്റെ ഉപഗ്രഹമായ യൂറോപ്പയിലേക്കുള്ള യൂറോപ്പ ക്ലിപ്പർ ദൗത്യത്തിൻ്റെ വിക്ഷേപണം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. ആദ്യം ഒക്ടോബർ 10-ന് ഷെഡ്യൂൾ ചെയ്തിരുന്ന വിക്ഷേപണം ഇപ്പോൾ ഒക്ടോബർ 14-ന് നടത്താൻ പദ്ധതിയിട്ടിരിക്കുന്നു.ആഴ്ചയുടെ തുടക്കത്തിൽ മിൽട്ടൺ കൊടുങ്കാറ്റ് ഈ പ്രദേശത്ത് വലിയ ആഘാതം ഏൽപ്പിച്ചിരുന്നു . പേടകം സജ്ജമാണെന്ന് ഉറപ്പാക്കാൻ നാസയും സ്പേസ് എക്സും കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്.
5 ബില്യൺ ഡോളറിൻ്റെ ബജറ്റുള്ള ഈ ദൗത്യം, ഭൂമിയിലെ സമുദ്രങ്ങളേക്കാൾ കൂടുതൽ ജലം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന യൂറോപ്പയുടെ ഭൂഗർഭ സമുദ്രം പര്യവേക്ഷണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ജീവനെ പിന്തുണയ്ക്കുന്നതിനുള്ള അതിൻ്റെ സാധ്യതകൾ നിർണ്ണയിക്കാൻ ശാസ്ത്രജ്ഞർ പദ്ധതിയിടുന്നു. നാസയുടെ കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ ഹെവി റോക്കറ്റിൽ ബഹിരാകാശ പേടകം വിക്ഷേപിക്കും. 2030 ഏപ്രിലിൽ യൂറോപ്പയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.