സാൻഫ്രാൻസിസ്കോ/ന്യൂഡൽഹി: ഇതിഹാസ തബല വിദ്വാൻ ഉസ്താദ് സക്കീർ ഹുസൈൻ (73) അമേരിക്കയിൽ ഇന്നലെ രാത്രി അന്തരിച്ചു. അദ്ദേഹം ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട സങ്കീർണതകളോട് പോരാടുകയായിരുന്നുവെന്നും,ഈ വർഷം ആദ്യം സാൻഫ്രാൻസിസ്കോയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നെന്നും കുടുംബവൃത്തങ്ങൾ സ്ഥിരീകരിച്ചു.
1951 മാർച്ച് 9 ന് മുംബൈയിൽ ജനിച്ച സക്കീർ ഹുസൈൻ തബല വിദ്വാൻ ഉസ്താദ് അല്ലാഹ് റഖയുടെ മൂത്ത മകനാണ്. പിതാവിൻ്റെ വൈദഗ്‌ധ്യവും താളത്തിനുള്ള സ്വതസിദ്ധമായ കഴിവും പാരമ്പര്യമായി ലഭിച്ച അദ്ദേഹത്തിൻ്റെ സംഗീത യാത്ര ചെറുപ്പത്തിൽ തന്നെ ആരംഭിച്ചു. ആറ് പതിറ്റാണ്ടിലേറെ, ഹുസൈൻ തബല വാദന കലയിൽ ആഗോള വേദിയിൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൻ്റെ ഏറ്റവും പ്രശസ്തമായ മുഖങ്ങളിലൊന്നായി നിറഞ്ഞുനിന്നു.
സംഗീതത്തിന് ഹുസൈൻ നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. തൻ്റെ കരിയറിൽ അദ്ദേഹം അഞ്ച് ഗ്രാമി അവാർഡുകൾ നേടി, ഈ വർഷമാദ്യം 66-ാമത് ഗ്രാമി അവാർഡുകളിൽ മൂന്നെണ്ണം നേടി. അദ്ദേഹം 1973-ൽ ഗിറ്റാറിസ്‌റ്റ് ജോൺ മക്‌ലാഫ്‌ലിൻ, വയലിനിസ്റ്റ് എൽ ശങ്കർ, പെർക്കുഷ്യനിസ്റ്റ് ടി.എച്ച്. ‘വിക്കു’ വിനായക്രം എന്നുവരുമായി ചേർന്ന് സൃഷ്ടിച്ച ജാസ് ഫ്യൂഷൻ പ്രോജക്ട് ലോകമെങ്ങും പ്രശസ്തി പിടിച്ച് പറ്റി. ഈ ശ്രമം ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ ജാസുമായി ലയിപ്പിച്ച് തികച്ചും പുതിയൊരു സംഗീത ശൈലി സൃഷ്‌ടിച്ചു.
സംഗീതത്തിനപ്പുറം സിനിമയിൽ ഹുസൈൻ വ്യക്തിമുദ്ര പതിപ്പിച്ചു. സാസ്, ഹീറ്റ് ആൻഡ് ഡസ്റ്റ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ ചിത്രമായ മങ്കി മാൻ ഈ വർഷം ആദ്യം 2024-ൽ പുറത്തിറങ്ങി, ഈ ചിത്രം അദ്ദേഹത്തിൻ്റെ കലാപരമായ ബഹുമുഖ കഴിവുകൾ ഉയർത്തിക്കാട്ടുന്നു.
ഇന്ത്യൻ സംഗീതത്തിന് നൽകിയ സംഭാവനകൾക്ക് ഹുസൈന് 1988-ൽ പത്മശ്രീ, 2002-ൽ പത്മഭൂഷൺ, 2023-ൽ പത്മവിഭൂഷൺ എന്നിവ ലഭിച്ചിട്ടുണ്ട്.