ഒരു കാലത്ത് കര്‍ഷകരുടെ കുടിയേറ്റത്തിന് പേരുകേട്ട ഒഡിഷയിലെ കലയാഹണ്ടി ജില്ലയുടെ ഗോലമുണ്ട ബ്ലോക്ക് ഇന്ന് പച്ചക്കറികളുടെ ഹബ്ബായി മാറിയിരിക്കുന്നു. കൂട്ടായ ശ്രമങ്ങളുടെയും ആധുനിക കൃഷി സാങ്കേതിക വിദ്യകളുടെയും ശക്തി കൊണ്ട് വരുത്തിയ ഈ മാറ്റം പ്രധാനമന്ത്രി നരേന്ദ്രമോദി തൻറെ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 117-ാമത് എപ്പിസോഡിൽ പ്രശംസിച്ചു.
പത്തുപേരുടെ ചെറിയ ഒരു കര്‍ഷക സംഘം ചേര്‍ന്ന് ‘കിസാൻ ഉത്പാദ് സംഘ്’ എന്ന കര്‍ഷക ഉല്‍പ്പാദക സംഘടന (FPO) ആരംഭിച്ചതോടെയാണ് ഈ മാറ്റത്തിന് തുടക്കമായത്. ആധുനിക കൃഷി സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്, ഗോലമുണ്ട ബ്ലോക്കിലെ കര്‍ഷകര്‍ 200 ഏക്കറില്‍ തക്കാളിയും 150 ഏക്കറില്‍ പാവയ്ക്കയും കൃഷി ചെയ്യാൻ തുടങ്ങി. തുടർന്നുള്ള കാലഘട്ടത്തില്‍, ഈ കൂട്ടായ്മ 200-ലധികം കര്‍ഷകരിലേക്ക് വിപുലീകരിച്ചു, ഇതില്‍ 45 സ്ത്രീ കര്‍ഷകരും ഉള്‍പ്പെടുന്നു.
പച്ചക്കറി വിപ്ലവത്തിന്റെ വിജയം സാമ്പത്തികമേഖലയില്‍ വ്യക്തമായ മാറ്റം സൃഷ്ടിച്ചു. ‘കിസാൻ ഉത്പാദ് സംഘ്’ ഇന്ന് ഒരു വര്‍ഷത്തില്‍ ₹1.5 കോടി ബിസിനസ് ചെയ്യുന്ന ഒരു പ്രമുഖ സംഘമായിരിക്കുകയാണ്. ഇവിടെ നിന്നുള്ള പച്ചക്കറികള്‍ ഒഡിഷയിലെ വിവിധ ജില്ലകളിലും അയല്‍ സംസ്ഥാനങ്ങളിലും എത്തുന്നു.
“കലാഹണ്ടിയുടെ ഈ വിജയം , നമ്മുടെ ചെറിയ ശ്രമങ്ങള്‍ ആഗോളനിലവാരത്തില്‍ വലിയ വിജയത്തിലേക്ക് നയിക്കുമെന്ന് പഠിപ്പിക്കുന്നു. പത്തുപേരുടെ ചെറിയ കൂട്ടായ്മയിൽ തുടക്കമിട്ട സംരംഭം ഇന്ന് കൃഷി മേഖലയിലെ ഒരു വലിയ ശക്തിയായി മാറിയിരിക്കുന്നു,” മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
ഈ സംരംഭം പ്രാദേശിക കൃഷിയെ മാത്രമല്ല , മറ്റു പ്രദേശങ്ങളിലും സമാന മാതൃകകള്‍ സ്വീകരിക്കാന്‍ പ്രചോദനമാകുകയും ചെയ്തു. സമർപ്പണം, കൂട്ടായ പ്രവർത്തനം എന്നിവയുടെ ഈ വിജയകഥ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനുള്ള ശക്തിയെ തെളിയിക്കുന്നു.

ഒഡിഷയിലെ കലയാഹണ്ടി ജില്ലയിലെ പച്ചക്കറി വിപ്ലവത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു/ഫോട്ടോ -എക്സ്