ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ജനുവരി 13ന് ആരംഭിക്കുന്ന മഹാ കുംഭ മേളയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഈ മഹാമേളയ്‌ക്കായി പ്രത്യേകമായി സജ്ജമാക്കിയ മഹാ കുംഭ നഗറിൽ,12 കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന,ഗംഗ, യമുന, സരസ്വതി നദികളുടെ പുണ്യ സംഗമസ്ഥാനത്ത് ദശലക്ഷക്കണക്കിന് ഭക്തരെയും തീർഥാടകരെയും ഉൾക്കൊള്ളാൻ സജ്ജീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് വൈകുന്നേരം പ്രയാഗ്രാജിൽ എത്തി ഒരുക്കങ്ങൾ വിലയിരുത്തും.
ഫെബ്രുവരി 26 വരെ നീണ്ടു നിൽക്കുന്ന മേളയിൽ മകരസംക്രാന്തി, മൗനി അമാവാസ്യ, വസന്ത് പഞ്ചമി എന്നിവയുൾപ്പെടെയുള്ള ഏറ്റവും തിരക്കേറിയ സ്നാന ദിവസങ്ങളിൽ ലക്ഷക്കണക്കിന് ഭക്തജനങ്ങൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തിനകത്തും പുറത്തുനിന്നും വരുന്ന തീർത്ഥാടകർക്കായി സുരക്ഷാ സംവിധാനങ്ങൾ, വൈദ്യസഹായം, ശുചിത്വസജ്ജീകരണങ്ങൾ, പൊതുവിഭവങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്.
ആധ്യാത്മികവും സാംസ്കാരികവുമായ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ കുംഭ മേള ഹൈന്ദവ സംസ്കാരത്തിൽ വലിയ പ്രാധാന്യമുള്ളതാണ്. മേളക്കാലത്ത് സംഗമത്തിൽ സ്നാനം നടത്തുന്നത് പാപമോചനത്തിനും മോക്ഷത്തിനും വഴി തുറക്കുമെന്ന് ഭക്തർ വിശ്വസിക്കുന്നു.
മേളയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് ആഖാരങ്ങളുടെയും സന്യാസിമാരുടെയും സന്യാസി ആചാര്യന്മാരുടെയും ഘോഷയാത്രകളാണ്. ഈ വർഷം പ്രത്യേകമായി പ്രോത്സാഹിപ്പിക്കുന്നത് പരിസ്ഥിതി സൗഹൃദ നടപടികളെയാണ്. പ്ലാസ്റ്റിക് ഉപയോഗം പരിമിതപ്പെടുത്താനും മാലിന്യസംസ്കരണം ഉറപ്പാക്കാനും തീർത്ഥാടകരോട് ആവശ്യപ്പെടുന്നു.
തീർത്ഥാടകരുടെ സൗകര്യാർത്ഥം ട്രെയിനുകൾ, ബസ്സുകൾ, താൽക്കാലിക ഫെറി സംവിധാനം തുടങ്ങിയവ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ പ്രയാഗ്രാജിലേക്കുള്ള പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്, കൂടാതെ വാഹനജനസാന്ദ്രത കുറയ്ക്കുന്നതിനായി മഹാ കുംഭ നഗരത്തിന് ചുറ്റുമുള്ള പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
മഹാ കുംഭ മേളയുമായി ബന്ധപ്പെട്ട വിവരങ്ങൾ, സ്നാന സമയക്രമം, സാംസ്കാരിക പരിപാടികൾ എന്നിവയെക്കുറിച്ചുള്ള അറിയിപ്പുകൾ ലഭ്യമാക്കുന്നതിനായി സർക്കാരിന്റെ മഹാ കുംഭമേള 2025 ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.
