2026 മുതൽ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കീഴിൽ ഇന്ത്യ ആഭ്യന്തരമായി പവർ ട്രെയിൻ ചക്രങ്ങളുടെ നിർമ്മാണം ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ തിരുവള്ളൂരിലെ രാമകൃഷ്ണ ഫോർജിംഗ്സ് ലിമിറ്റഡിലെയും ടിറ്റാഗർ റെയിൽ സിസ്റ്റംസ് കമ്പനിയിലെയും ചക്ര നിർമ്മാണ യൂണിറ്റ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ത്യൻ റെയിൽവേയ്ക്ക് സമീപഭാവിയിൽ ട്രെയിനുകൾക്കായി 80,000-ത്തിലധികം ഉയർന്ന ശക്തിയുള്ള ചക്രങ്ങൾ ആവശ്യമാണ്. സ്വകാര്യ പങ്കാളികളുമായി സഹകരിച്ച്, ഉയർന്ന നിലവാരം ഉറപ്പാക്കിക്കൊണ്ട് ഈ ആവശ്യം നിറവേറ്റാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,” ശ്രീ വൈഷ്ണവ് പറഞ്ഞു.
ആഭ്യന്തരമായി നിർമ്മിക്കുന്ന ചക്രങ്ങൾ ഇന്ത്യൻ റെയിൽവേയ്ക്കും മെട്രോ ട്രെയിനുകൾക്കും ഉപകരിക്കുന്നതിനൊപ്പം മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യതയും നൽകും. ലോക നിലവാരമുള്ള വസ്തുക്കൾ നിർമ്മിക്കുന്നതിൽ ഊർജ്ജസ്വലതയും സ്വാശ്രയത്വവും വളർത്തിയെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും,റെയിൽവേ ഘടകങ്ങളുടെ നിർമ്മാണത്തിനുള്ള ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും മന്ത്രി പറഞ്ഞു.