You are currently viewing ചൊവ്വയിലെ ചതുരാകൃതിയിലുള്ള ഘടന ചർച്ചകൾക്ക് വഴിവെക്കുന്നു
ചൊവ്വയുടെ ഉപരിതലത്തിൽ കണ്ടെത്തിയ ചതുര ഘടന/ ഫോട്ടോ-നാസ

ചൊവ്വയിലെ ചതുരാകൃതിയിലുള്ള ഘടന ചർച്ചകൾക്ക് വഴിവെക്കുന്നു

മാർസ് ഗ്ലോബൽ സർവേയറിന്റെ മാർസ് ഓർബിറ്റർ ക്യാമറ (MOC) എടുത്ത ഒരു പുതിയ ഫോട്ടോ ശാസ്ത്രീയരംഗത്തും ബഹിരാകാശ ഗവേഷകരുടെ കൂട്ടായ്മകളിലും വലിയ ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്. ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തിൽ കാണപ്പെട്ട ഈ വ്യത്യസ്തമായ ചതുരാകൃതിയിലുള്ള ഘടനയുടെ ഉത്ഭവം സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.

അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ മാർസ് ഇമേജ് എക്സ്പ്ലോറർ വഴി ലഭിച്ച ഈ ചിത്രം, ബഹിരാകാശ പ്രേമികൾക്കും ശാസ്ത്രജ്ഞർക്കും ഒരുപോലെ ആകർഷണമാകുന്നു. ചിലർ ഇത് പുരാതന ഭൗമേതര നഗരങ്ങൾക്കോ അല്ലെങ്കിൽ  നിർമ്മിതികൾക്കോ തെളിവായിരിക്കാമെന്നു കരുതുമ്പോൾ, ശാസ്ത്രജ്ഞർ കൂടുതൽ യാഥാർഥ്യപരമായ സമീപനം സ്വീകരിക്കുന്നു. ഭൗമശാസ്ത്ര വിദഗ്ധർ ഇത് ടെക്ടോണിക് ചലനങ്ങൾ മൂലമോ, കാറ്റിന്റെയും ജലത്തിന്റെയും സ്വാധീനം മൂലമുണ്ടാകുന്ന പ്രകൃതിദത്ത ഘടനയായിരിക്കാമെന്ന് വിശദീകരിക്കുന്നു.

നാസ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ചൊവ്വയുടെ ഉപരിതലത്തിൽ പ്രകൃതിദത്തമായ ഇത്തരത്തിലുള്ള രൂപങ്ങൾ നേരത്തെയും കണ്ടുപിടിച്ചിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. “രൂപം കൗതുകകരമാണെങ്കിലും, പ്രകൃതിയിൽ പലപ്പോഴും നമുക്ക് മനഃപൂർവം രൂപകൽപ്പന ചെയ്തതുപോലെ തോന്നിക്കുന്ന ഘടനകൾ ഉണ്ടാകാം,” എന്നതാണ് അരിസോണ സർവകലാശാലയിലെ പ്ലാനറ്ററി ജിയോളജിസ്റ്റ് ഡോ. റോബർട്ട് ലാങ്ലിയുടെ അഭിപ്രായം.

എങ്കിലും, ഈ പുതിയ കണ്ടെത്തൽ ഊ ചൊവ്വയുടെ ഭൗതിക ചരിത്രത്തിന്റെയും അവിടെ ഒരിക്കലെങ്കിലും ജീവൻ ഉണ്ടായിരുന്നോ എന്നതിനെ കുറിച്ചുള്ള ചർച്ചകളെയും ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഓൺലൈൻ ഫോറങ്ങളും സോഷ്യൽ മീഡിയയും വിവിധ തിയറികളുമായി നിറഞ്ഞിരിക്കുന്നു—ഇതിൽ ചൊവ്വയിലെ പ്രാചീന സംസ്കാരങ്ങൾ മുതൽ  അന്യഗ്രഹ ജീവികളുടെ നിർമ്മിതികൾ വരെയുളള ഭാവനകൾ ഉണ്ട്.

ഭാവിയിൽ ചൊവ്വാഗ്രഹത്തെ സംബന്ധിച്ചുള്ള ഗവേഷണങ്ങൾ കൂടുതൽ വിവരങ്ങൾ നൽകും എന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ. നാസയുടെ പർസിവിയറൻസ് റോവർ അടക്കം വിവിധ ദൗത്യങ്ങൾ ചൊവ്വയുടെ ഭൗമശാസ്ത്ര ചരിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതുവരെ, ഈ ചതുരാകൃതിയിലുള്ള ഘടന ഒരു  അത്ഭുതമായി തുടരും.

Leave a Reply