കൊച്ചി: ഗൾഫ് രാജ്യങ്ങളിലെ ഡെസേർട്ട് സഫാരിയെ മാതൃകയാക്കി കേരളത്തിൽ പ്രത്യേക ടൂറിസം പാക്കേജ് തയ്യാറാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. കുട്ടനാട്, പാതിരാമണൽ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് വികസിപ്പിക്കുന്ന ഈ പദ്ധതി ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുക.
മന്ത്രിയുടെ പ്രസ്താവന അനുസരിച്ച്, ടൂറിസം-സാംസ്കാരിക വകുപ്പുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയും കലാരൂപങ്ങളും പ്രദർശിപ്പിക്കാനുള്ള വേദിയും ഒരുക്കും. പാക്കേജിനായി പ്രത്യേക വള്ളങ്ങൾ സജ്ജീകരിക്കും.
നവീകരിച്ച ഫോർട്ട് കൊച്ചി ബോട്ട് ജെട്ടിയുടെയും ജലഗതാഗത വകുപ്പ് വാങ്ങിയ അത്യാധുനിക ബോട്ടുകളുടെയും സിൽറ്റ് പുഷർ മെഷീൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.