റൊമാനിയയുടെ ഹൃദയഭാഗത്ത്, പ്രകൃതിയുടെ അതുല്യ സൃഷ്ടിയായ ഒരു വനമുണ്ട് – പൂർണ്ണമായും ലയ്ലാക് പൂക്കളാൽ നിറഞ്ഞ ഒരു സ്വർഗ്ഗഭൂമി. ഓരോ വർഷവും വസന്തകാലത്ത്, ആയിരക്കണക്കിന് ലയ്ലാക് മരങ്ങൾ പൂത്തുലഞ്ഞു പരിമളം പരത്തി നിൽക്കുന്നു. ഈ അപൂർവ്വ പ്രകൃതിദത്ത വനം പൊനോറെലെ ലയ്ലാക് ഫോറസ്റ്റ് എന്നറിയപ്പെടുന്നു, യൂറോപ്പിലെ അതിപ്രധാന ലയ്ലാക് വനങ്ങളിൽ ഒന്നാണിത്.
മെഹെഡിൻട്ടി കൗണ്ടിയിലെ പൊനോറെലെ ഗ്രാമത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ വനത്തിന് 20 ഹെക്ടറിലധികം വിസ്തീർണമുണ്ട്. ഇവിടെ വിവിധതരം ലയ്ലാക് സ്പീഷീസുകൾ വളരുന്നുണ്ട്, പ്രത്യേകിച്ച് സിറിഞ്ച് വൾഗറിസ് എന്ന ഇനം. ഈ പ്രദേശത്തിന്റെ ചുണ്ണാമ്പുകല്ല് സമൃദ്ധമായ മണ്ണിൽ ഇവ തഴച്ചു വളരുന്നു . മേയ് മാസത്തിൽ വനം പൂത്തു നിൽക്കുമ്പോൾ ഇവ പ്രകൃതിസ്നേഹികളെയും, ഫോട്ടോഗ്രാഫർമാരെയും, സസ്യശാസ്ത്രജ്ഞരെയും, സഞ്ചാരികളെയും ആകർഷിക്കുന്നു.
വനത്തിലൂടെ കയറിയിറങ്ങാൻ പറ്റുന്ന നടപ്പാതകൾ സഞ്ചാരികൾക്ക് മനോഹരമായ കാഴ്ചകൾ കാണാനുള്ള അവസരം നൽകുന്നു. കൂടാതെ, ലയ്ലാക് ഫെസ്റ്റിവൽ എന്ന വാർഷിക ആഘോഷം ഈ വനത്തിന്റെ ഭംഗി വെളിപ്പെടുത്തുന്നു. ഇത് പരമ്പരാഗത റൊമാനിയൻ സംഗീതം, നാടൻ കലാരൂപങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ ഉൾക്കൊള്ളുന്നു.
“ഈ സ്ഥലം അതിമനോഹരമാണ്,” എന്നതാണ് പ്രാദേശിക സസ്യശാസ്ത്രജ്ഞനായ ആൻഡ്രേ ഡുമിത്രെസ്കുവിന്റെ അഭിപ്രായം. “ഇവിടുത്തെ സൗന്ദര്യം ലയ്ലാക് പൂക്കളിൽ മാത്രം ഒതുങ്ങുന്നില്ല; പൂക്കൾ വലത്തെ മാറ്റിമറിക്കുന്ന കാഴ്ച അത്ഭുതമാണ്.”
റൊമാനിയയിലെ ഈ ലയ്ലാക് വനം അന്താരാഷ്ട്ര സഞ്ചാരികൾക്ക് ഇതുവരെ അത്ര അറിയപ്പെട്ടിട്ടില്ല. അതിനാൽ ശാന്തമായ ചുറ്റുപാടുകളിൽ നിന്നുകൊണ്ട് ഏതൊരു സഞ്ചാരികൾക്കും ഈ വനപുഷ്പങ്ങൾ ആസ്വദിക്കാം.
ഇക്കോ-ടൂറിസത്തിൽ താൽപ്പര്യം വർധിച്ചതോടെ, പ്രദേശം സംരക്ഷിക്കുന്നതിനും സുസ്ഥിരമായ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനുമായി സംരക്ഷകർ പ്രവർത്തിക്കുന്നു.
ലയ്ലാക്കുകളെ പലപ്പോഴും “ഓർമ്മ പുഷ്പങ്ങൾ” എന്ന് വിളിക്കുന്നു, കാരണം അവയുടെ സുഗന്ധത്തിന് ശക്തമായ വികാരങ്ങളും ഓർമ്മകളും ഉണർത്താൻ കഴിയും, പ്രത്യേകിച്ച് കുട്ടിക്കാലം മുതലുള്ളവ. അവയെ ഗൃഹാതുരത്വവും ഭൂതകാലവുമായി ബന്ധിപ്പിക്കുന്നു. ലയ്ലാക് നിറം ശാന്തതയെ പ്രചോദിപ്പിക്കുകയും ആഴത്തിലുള്ള ഓർമ്മകളെ പ്രോത്സാഹിപ്പിക്കുകയും ആളുകളെ ജീവിതത്തിൻ്റെ സന്തോഷത്തിലേക്കും പ്രചോദനത്തിലേക്കും ബന്ധിപ്പിക്കുകയും ചെയ്യുന്നു
യൂറോപ്പിലെ ഏറ്റവും മനോഹരമായ പൂക്കളാലങ്കൃത കാഴ്ചകൾ അനുഭവിക്കുവാൻ ആഗ്രഹിക്കുന്നവർക്ക്, പൊനോറെലെ ലയ്ലാക് ഫോറസ്റ്റ് ഒരു മായിക പ്രപഞ്ചമാണ്

പൂത്തുലഞ്ഞു നിൽക്കുന്ന ലൈലാക്ക്
വൃക്ഷങ്ങൾ/ഫോട്ടോ -ട്വിറ്റർ