സ്വാൽബാർഡ്, നോർവേ – ലോകത്തിലെ ഭക്ഷ്യവിളകളുടെ വൈവിധ്യം സംരക്ഷിക്കുന്ന കേന്ദ്രമായ സ്വാൽബാർഡ് ഗ്ലോബൽ സീഡ് വോൾട്ടിന് ചൊവ്വാഴ്ച 14,000-ലധികം പുതിയ വിത്ത് സാമ്പിളുകൾ ലഭിച്ചുവെന്ന് ഈ സൗകര്യത്തിൻ്റെ പ്രധാന സൂക്ഷിപ്പുകാരൻ അറിയിച്ചു.
വിദൂര ആർട്ടിക് ദ്വീപിലെ ഒരു പർവതത്തിനകത്ത് സ്ഥിതി ചെയ്യുന്ന ഈ നിലവറ 2008-ൽ ആണവയുദ്ധവും കാലാവസ്ഥാ വ്യതിയാനവും ഉൾപ്പെടെയുള്ള ആഗോള ദുരന്തങ്ങൾക്കെതിരായ ഒരു സംരക്ഷണ കേന്ദ്രമായി സ്ഥാപിച്ചു. ലോകമെമ്പാടുമുള്ള ജീൻ ബാങ്കുകളുടെ ഒരു ബാക്കപ്പായി ഇത് പ്രവർത്തിക്കുന്നു, ഇത് സുപ്രധാന സസ്യജാലങ്ങളെ സംരക്ഷിക്കുന്നു.
പുതിയ സംഭാവനകളിൽ യുദ്ധം ബാധിച്ച സുഡാനിൽ നിന്നുള്ള 15 ഇനങ്ങൾ ഉൾപ്പെടുന്നു. അതിൽ പലയിനം ചോളം (സോർഗം) ഉണ്ട്, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷക്കും സാംസ്കാരിക പൈതൃകത്തിനും അവ അത്യന്താപേക്ഷിതമാണ്. സുഡാനിലെ യുദ്ധം ലക്ഷക്കണക്കിനാളുകളുടെ ജീവൻ നഷ്ടപ്പെടുത്തുകയും 12 ദശലക്ഷം പേർക്ക് ദുരിതം ഉണ്ടാക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ, ഈ വിത്തുകൾ പ്രതീക്ഷയുടെയും പുനർനിർമാണത്തിന്റെയും പ്രതീകമാണെന്ന് സുഡാനിലെ കർഷിക ഗവേഷണ കേന്ദ്രം പറഞ്ഞു.
മുൻകാലങ്ങളിൽ, സിറിയൻ യുദ്ധത്തിൽ നശിച്ച വിത്ത് ശേഖരങ്ങൾ പുനർനിർമ്മിക്കാൻ ഈ വിത്ത് സംരക്ഷണകേന്ദ്രം നിർണായക പങ്ക് വഹിച്ചു. “ഇവിടെ നിക്ഷേപിക്കപ്പെടുന്ന വിത്തുകൾ ജൈവവൈവിധ്യത്തിനൊപ്പം അതിനെ സംരക്ഷിക്കുന്ന സമൂഹങ്ങളുടെ പരിജ്ഞാനം, സംസ്കാരം, പ്രതിരോധശേഷി എന്നിവയും പ്രതിനിധീകരിക്കുന്നു,” ക്രോപ് ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റെഫാൻ ഷ്മിറ്റ്സ് പറഞ്ഞു.
സ്വീഡനിൽ നിന്നുള്ള നോർഡിക് വൃക്ഷ ഇനങ്ങളും തായ്ലൻഡിൽ നിന്നുള്ള അരിയും മറ്റ് പുതിയ കൂട്ടിച്ചേർക്കലുകളിൽ ഉൾപ്പെടുന്നു.
