സാൻ മാറ്റിയോ, കാലിഫോർണിയ: കാലിഫോർണിയയിലെ സ്റ്റാർട്ടപ്പ് സ്ഥാപനമായ ആലെഫ് എറോനോട്ടിക്സ് അതിന്റെ മോഡൽ സീറോ പ്രോട്ടോടൈപ്പിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. പൊതുവഴിയിൽ ഓടുന്നതിനിടെ ലംബമായി ഉയർന്ന് ഒരു പാർക്കുചെയ്ത വാഹനത്തിന് മുകളിലൂടെ പറന്നു പോകാൻ കഴിവുള്ള ലോകത്തിലെ ആദ്യത്തെ വിമാന കാർ എന്ന പ്രത്യേകതയാണ് മോഡൽ സീറോയ്ക്ക്. ഈ പരീക്ഷണം നഗര വ്യോമ ഗതാഗത മേഖലയിൽ വലിയ മുന്നേറ്റം കുറിക്കുന്നു.
മോഡൽ സിറോയ്ക്ക് എട്ട് പ്രൊപ്പല്ലറുകളുടെ സഹായത്തോടെ നിശ്ചലമായ അവസ്ഥയിൽ നിന്ന് നേരിട്ട് ഉയർന്നു പറക്കാൻ കഴിയും, അതിനായി റൺവേ അല്ലെങ്കിൽ പ്രത്യേക സ്ഥലങ്ങൾ ആവശ്യമില്ല. സാൻ മറ്റിയോയിൽ നടന്ന പരീക്ഷണത്തിൽ ഈ കാർ പൊങ്ങിയ ശേഷം, ഒരു പാർക്കുചെയ്ത കാറിന് മുകളിലൂടെ പറന്നു വീണ്ടും റോഡിൽ സഞ്ചാരം തുടരുകയായിരുന്നു. ആലെഫ് എറോനോട്ടിക്സ് സി.ഇ.ഒ ജിം ഡുകോവ്‌നി ഈ നേട്ടത്തെ റൈറ്റ് ബ്രദേഴ്സ് ആദ്യമായി വിമാനം പറത്തിയതുമായി താരതമ്യപ്പെടുത്തി, നഗര ഗതാഗതരീതിയെ മാറ്റിമറിക്കാനുള്ള ഇതിന്റെ സാധ്യതയെ എടുത്തുകാട്ടി.
മോഡൽ സീറോ പൂർണ്ണമായും ഇലക്ട്രിക് പവർട്രെയ്ൻ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് 320 കിലോമീറ്റർ റോഡ് റേഞ്ചും 160 കിലോമീറ്റർ വിമാന റേഞ്ചും കൈവരിക്കാൻ ശേഷിയുള്ളതാണ്. ലോ-സ്പീഡ് വാഹന വിഭാഗത്തിൽ പെടുന്ന കാറിന് പരമാവധി 40 കിലോമീറ്റർ വേഗതയാണ് ഉള്ളത്.
ഒരു യൂണിറ്റിന് $299,999 വിലയുള്ള വാണിജ്യ മോഡൽ എ ഉപയോഗിച്ച് അലഫ് എയറോനോട്ടിക്സ് ഉൽപാദനം ആരംഭിക്കും. 3,330 പ്രീ-ഓർഡറുകൾ ഇതിനകം ലഭിച്ചു കഴിഞ്ഞു, അടുത്ത വർഷം നിർമ്മാണം ആരംഭിക്കാനും 2035 ഓടെ നാല് സീറ്റുകളുള്ള മോഡൽ ഇസഡ് അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. എന്നിരുന്നാലും, നിയന്ത്രണവും സാങ്കേതികവുമായ വെല്ലുവിളികളും വ്യാപകമായ സ്വീകാര്യതയ്ക്ക് പ്രധാന തടസ്സമായി തുടരുന്നു.

ഫോട്ടോ/ എക്സ് (ട്വിറ്റർ)