മാറിവരുന്ന കാലത്തെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ മറികടക്കാനും ജീവിതശൈലി രോഗങ്ങളെ തടയാനും മില്ലുകൾ അഥവാ ചെറുധാന്യങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് സഹായിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ ഇഷാസ് കൃഷിക്കൂട്ടം ആരംഭിച്ച മില്ലറ്റ് കഫേ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
“നമ്മുടെ നാട്ടിൽ ഒരുകാലത്ത് അരിയാഹാരത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നെങ്കിലും ചെറുധാന്യ കൃഷിയും നിലനിന്നിരുന്നു. അരി ലഭ്യത കുറഞ്ഞ സമയങ്ങളിൽ നമ്മുക്ക് ആശ്രയമായതും ചെറുധാന്യങ്ങളായിരുന്നു. ഹരിത വിപ്ലവത്തിന് ശേഷം അരിയും ഗോതമ്പും വ്യാപകമായി ലഭ്യമായതോടെ ചെറുധാന്യങ്ങൾ ആഹാരത്തിൽ നിന്ന് പുറത്തായി. ഇതിന് പിന്നാലെ പ്രമേഹത്തെയും മറ്റ് ജീവിതശൈലി രോഗങ്ങളെയും നേരിടേണ്ടിവന്നു,” മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അരി ഉപഭോഗം 40 ലക്ഷം ടണിൽ നിന്ന് 29 ലക്ഷം ടൺ വരെയായി കുറഞ്ഞതിന്റെ പ്രധാന കാരണം ജീവിതശൈലി രോഗങ്ങളാണെന്നും, ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ചെറുധാന്യങ്ങൾ വീണ്ടും പ്രചാരത്തിലാവുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023-നെ അന്തർദേശീയ ചെറുധാന്യ വർഷമായി ആചരിച്ച ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ ചെറുധാന്യങ്ങളുടെ പ്രാധാന്യം ലോകത്തിനു മുന്നിൽ വിളിച്ചറിയിച്ചതായി മന്ത്രി ഓർമ്മിപ്പിച്ചു. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് സംസ്ഥാന കൃഷി വകുപ്പ് മില്ലറ്റ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കൃഷി വിസ്തൃതി വർധിപ്പിക്കുന്നതിനുമായി വിവിധ പദ്ധതികൾ നടപ്പിലാക്കിയത്.
ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ ചെറുധാന്യ കൃഷി ചെയ്യുന്ന പഞ്ചായത്തായ ദേവികുളങ്ങരയിലാണ് ജില്ലയിലെ ആദ്യ മില്ലറ്റ് കഫേ തുടങ്ങിയത്. ഇത് ചെറുധാന്യകൃഷിയെ കുറിച്ച് കൂടുതൽ അറിയാനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ സ്വീകരിക്കാനുമുള്ള അവസരം സൃഷ്ടിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
