ഈ മാസം മുതൽ വൈദ്യുതി ബിൽ വീണ്ടും കുറയുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ഇന്ധന സർചാർജിന്റെ നിരക്ക് കുറയുന്നതിലൂടെ ഉപഭോക്താക്കൾക്ക് ബില്ലിൽ ആശ്വാസം ലഭിക്കുമെന്നാണു മന്ത്രി വ്യക്തമാക്കിയത്.
കെ.എസ്.ഇ.ബിയുടെ എസ്.എൽ.പുരം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെയും സബ് ഡിവിഷൻ ഓഫീസിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇന്ധന സർചാർജ് കുറയുന്നതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് നേരിട്ട് ലഭിക്കും. പ്രതിമാസ ബില്ലിംഗ് ഉള്ളവർക്ക് യൂണിറ്റിന് 6 പൈസയും .
രണ്ടുമാസത്തിലൊരിക്കൽ ബില്ലിംഗ് ഉള്ളവർക്ക് യൂണിറ്റിന് 8 പൈസയും ആണ് പുതിയ ഇന്ധന സര്‍ചാര്‍ജ് എന്ന് മന്ത്രി വ്യക്തമാക്കി.
മാർച്ചിന്റെ തുടക്കത്തിൽ തന്നെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റിന് അടുത്തെത്തിയതായി മന്ത്രി അറിയിച്ചു. വർധിച്ച ആവശ്യകതയെ നേരിടാൻ കൃത്യമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി കൈമാറ്റക്കരാറുകൾ നടത്തി 500 മെഗാവാട്ട് വൈദ്യുതി ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഹിമാചൽ പ്രദേശുമായി നടത്തുന്ന പുതിയ കരാറിലൂടെ അടുത്ത മാസം 150 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
പരീക്ഷ, ഉത്സവ കാലങ്ങൾ എന്നിവ പരിഗണിച്ച് പ്രസരണ, വിതരണ വിഭാഗങ്ങള്‍ തമ്മില്‍ കൃത്യമായ ധാരണയോടെ അറ്റകുറ്റ പണികള്‍ ക്രമീകരിച്ച് വൈദ്യുതി തടസം പരമാവധി കുറയ്ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു, അതേസമയം, ജീവനക്കാർ സുരക്ഷാ മുൻകരുതലുകൾ എടുത്ത് മാത്രമേ ഇലക്ട്രിക് ലൈൻ ജോലികൾ ചെയ്യാവൂ. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ കവചിത കണ്ടക്റ്ററുകൾ സ്ഥാപിച്ച് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വൈദ്യുതി ജീവനക്കാർക്കുള്ള അപകടം കുറയ്ക്കുന്നതിനായി ഏരിയൽ ലിഫ്റ്റുകൾ ഏർപ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.
