You are currently viewing ആലപ്പുഴയുടെ ടൂറിസം വികസനത്തിന് 94 കോടി രൂപയുടെ വിനോദസഞ്ചാര വികസന പദ്ധതിക്ക് അംഗീകാരം

ആലപ്പുഴയുടെ ടൂറിസം വികസനത്തിന് 94 കോടി രൂപയുടെ വിനോദസഞ്ചാര വികസന പദ്ധതിക്ക് അംഗീകാരം

ആലപ്പുഴയിലെ ടൂറിസം മേഖലയ്ക്ക് പുതുജീവനേകുന്ന 94 കോടി രൂപയുടെ സമഗ്ര വിനോദസഞ്ചാര വികസന പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിച്ചതായി കെ.സി. വേണുഗോപാൽ എംപി അറിയിച്ചു.

‘സ്വദേശ് ദർശൻ’ പദ്ധതിയുടെ ഭാഗമായി ആലപ്പുഴയെ ലോകോത്തര ടൂറിസം കേന്ദ്രമായി മാറ്റുന്നതിനാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആലപ്പുഴ ബീച്ചിന്റെ സമഗ്ര വികസനം, ഹൗസ് ബോട്ട് ടെർമിനലിനെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തൽ, കനാലുകളുടെ സൗന്ദര്യവൽക്കരണവും സംരക്ഷണവും എന്നിവയാണ് മുഖ്യമായും പദ്ധതി ലക്ഷ്യമിടുന്നത്.

രാജ്യാന്തര ക്രൂയിസ് ടെർമിനൽ, നടപ്പാതകൾ, വിശ്രമ സൗകര്യങ്ങൾ, സാംസ്കാരിക സമുച്ചയം എന്നിവയിലൂടെ ആലപ്പുഴ ബീച്ചിനെ ആഗോള വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തുന്നതിനൊപ്പം, നഗരത്തിന്റെ ജീവിതനാഡിയായ കനാലുകളുടെ നവീകരണവും ലക്ഷ്യമിടുന്നു. കായൽ ടൂറിസത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന തരത്തിൽ അന്തർദേശീയ നിലവാരമുള്ള ഹൗസ് ബോട്ട് ടെർമിനലും പദ്ധതിയുടെ ഭാഗമായി വരുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു.


Leave a Reply