തിരുവനന്തപുരം: സംസ്ഥാനത്ത് ജലാശയങ്ങളിൽ 6,000 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളാർ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 400 മെഗാവാട്ട് ശേഷിയുള്ള സോളാർ പ്ലാന്റുകൾ സ്ഥാപിക്കും.
ഇതുവരെ കേരളത്തിൽ 1,516 മെഗാവാട്ട് ശേഷിയുള്ള സോളാർ വൈദ്യുതി നിലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ, 2031 ഓടെ 3,000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്ന പുരപ്പുറ സോളാർ പദ്ധതിയും വേഗത്തിലാക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പുനരുപയോഗയോഗ്യ ഊർജ രംഗത്ത് കേരളത്തിന് വലിയ മുന്നേറ്റം സാധ്യമാകുമെന്നാണ് പ്രതീക്ഷ. ജലാശയങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിക്കുമ്പോൾ സ്ഥല അഭാവം എന്ന പ്രശ്നം മറികടക്കാനാകും. കൂടാതെ, ജലത്തിന്റെ ബാഷ്പീകരണ തോത് കുറയ്ക്കാനും ഇത് സഹായിക്കും.
പദ്ധതി നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ പ്രത്യേക തന്ത്രങ്ങൾ രൂപീകരിക്കുകയാണ്. പദ്ധതി വിജയകരമായി നടപ്പാക്കിയാൽ സംസ്ഥാനത്തിന്റെ പുനരുപയോഗയോഗ്യ ഊർജ ഉൽപാദന ശേഷി വൻതോതിൽ വർധിക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ.
