തിരുവനന്തപുരം: സംസ്ഥാന സർക്കാർ 350 കോടി രൂപയുടെ മുതൽമുടക്കിൽ ആരംഭിക്കുന്ന എമേർജിങ്ങ് ടെക്നോളജി ഹബ്ബിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം ടെക്നോസിറ്റിയിൽ തുടക്കം കുറിച്ചു. കൃഷി, ഭക്ഷ്യസംസ്കരണം, സ്പേസ്, പ്രതിരോധം, ആരോഗ്യം, ലൈഫ് സയൻസ്, ഡിജിറ്റൽ മീഡിയ, വിനോദോപാധികൾ, പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ നിർമിതബുദ്ധി ഉൾപ്പെടെയുള്ള പുതുനിര സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
നവീന സാങ്കേതിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകുന്നതിനായി സർക്കാർ ഒരു ഡീപ് ടെക് എക്കോസിസ്റ്റം രൂപപ്പെടുത്തും. നിർമിത ബുദ്ധി, മെഷീൻ ലേർണിംഗ്, അനിമേഷൻ, വിഷ്വൽ എഫക്ട്, ഗെയ്മിംഗ്, കോമിക്സ് എന്നിവയിൽ പ്രവർത്തിക്കുന്ന ഡീപ് ടെക് സംരംഭകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനായി പ്രത്യേക ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റ് ക്ലസ്റ്റർ സ്ഥാപിക്കാനുള്ള പദ്ധതിയും സർക്കാരിന്റെ ഭാഗമാണ്.
ഈ പദ്ധതിയിലൂടെ കേരളം സാങ്കേതികവിദ്യകളുടെ കേന്ദ്രമായി മാറുകയും, സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കുള്ള മികച്ച സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
