You are currently viewing വീട്ടിൽ നടന്ന പ്രസവത്തെ തുടർന്ന് രക്തം വാർന്ന് യുവതി മരണപ്പെട്ട സംഭവം മനപൂർവമായ നരഹത്യയ്ക്ക് തുല്യം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

വീട്ടിൽ നടന്ന പ്രസവത്തെ തുടർന്ന് രക്തം വാർന്ന് യുവതി മരണപ്പെട്ട സംഭവം മനപൂർവമായ നരഹത്യയ്ക്ക് തുല്യം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം: വീട്ടിൽ നടന്ന പ്രസവത്തെ തുടർന്ന് രക്തം വാർന്ന് യുവതി മരണപ്പെട്ട സംഭവം മനപൂർവമായ നരഹത്യയ്ക്ക് തുല്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. “മാതൃമരണ നിരക്കിലും ശിശുമരണ നിരക്കിലും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. പക്ഷെ സമൂഹത്തിൽ പുതിയ തെറ്റായ പ്രവണതകൾ ഉണ്ടാകുന്നത് വളരെ ഗുരുതരമാണ്,” മന്ത്രി മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസമാണ് ഒരു യുവതിയുടെ ദാരുണമായ മരണവിവരം പുറത്ത് വന്നത്. “രണ്ടുമൂന്ന് ആഴ്ച മുമ്പ് ആശാ പ്രവർത്തക വീട്ടിൽ പോയപ്പോൾ പുറത്ത് വന്നില്ല എന്ന് ജില്ലയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. പിന്നീട് ആരോഗ്യ പ്രവർത്തക കണ്ടപ്പോഴും കാര്യം പറഞ്ഞില്ല” മന്ത്രി പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ, മൂന്നുമണിക്കൂറോളം രക്തം വാർന്ന് കിടന്ന ശേഷമാണ് യുവതി മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ലോകാരോഗ്യ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും സർക്കാർ ആശുപത്രികളിലെ ഡിജിറ്റൽ സംവിധാനങ്ങളുടെ ഉദ്ഘാടനവും മികച്ച ഡോക്ടർമാർക്കുള്ള അവാർഡ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
“പതിറ്റാണ്ടുകളായി സംസ്ഥാനത്തിന്റെ ആരോഗ്യപ്രവർത്തകർ ചേർന്ന് മാതൃ-ശിശു മരണ നിരക്കുകൾ കുറയ്ക്കാനായി ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒരു ലക്ഷം പ്രസവങ്ങൾക്ക് 97 അമ്മമാരാണ് മരിക്കുന്നത്, എന്നാൽ കേരളത്തിൽ ഈ നിരക്ക് 19 മാത്രമാണ്. ഇതിന് പിന്നിൽ ശാസ്ത്രീയ ഇടപെടലുകളും സർക്കാരിന്റെ ദൃഢനയങ്ങളുമാണ്,” മന്ത്രി വ്യക്തമാക്കി.

“മാതാവിന്റെയും ശിശുവിന്റെയും ജീവൻ കാത്തുസൂക്ഷിക്കാൻ ഒരു സമൂഹം മുഴുവനായും ജാഗ്രത പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണ്,” മന്ത്രി പറഞ്ഞു.


Leave a Reply