കൊല്ലം: കേരളത്തിന്റെ പൊതു മേഖലയിലെ കെ.എം.എം.എൽ (കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) പുതിയ സാമ്പത്തിക വർഷം അത്ഭുതകരമായ നേട്ടങ്ങളോടെ ആരംഭിച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിറ്റുവരവായ 1,036 കോടി രൂപ നേടിയതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു
ഇതുവരെ ഏറ്റവും ഉയർന്ന വിറ്റുവരവ് 2021-22ൽ ലഭിച്ച 1,058 കോടി രൂപയാണ്. കഴിഞ്ഞ വർഷം 956.24 കോടി രൂപയാണ് കെ.എം.എം.എൽ നേടിയത്. ഇത്തവണ മാത്രം നൂറിലധികം കോടി രൂപയുടെ പ്രവർത്തനലാഭം കമ്പനി നേടി.
ഇതിന്റെ കൂടെ, ടൈറ്റാനിയം ടെട്രാക്ലോറൈഡ് (ടിക്കിള്‍) വിപണനത്തില്‍ കമ്പനി സർവകാല റെക്കോർഡ് നേടിയിട്ടുണ്ട് — 8,815 ടൺ ടിക്കിള്‍ വിപണനം നടത്താൻ കെ.എം.എം.എൽക്ക് സാധിച്ചു. ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്മന്റിന്റെ വിൽപ്പനയിലും, 36,395 ടണ്‍ എന്ന 8 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേയ്ക്ക് കമ്പനി ഉയര്‍ന്നു.
സമ്പൂർണ്ണമായി സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിൽ നിന്നും ഓരോ വർഷവും ലാഭവിഹിതം സംസ്ഥാനത്തെത്തുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 6.18 കോടി രൂപ സംസ്ഥാനത്തിന് ലാഭവിഹിതമായി കൈമാറിയിരുന്നതായി മന്ത്രി പറഞ്ഞു.

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്